കാലിഫോർണിയ / തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന, തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശിനിയായ അനില എന്ന യുവതിയെ കാലിഫോർണിയ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആൻ മേരി മാത്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പ്രതിയെന്ന് സംശയിക്കുന്ന അനിലയും കൊല്ലപ്പെട്ട യുവതികളും അടുത്ത സുഹൃത്തുക്കളായിരുന്നു.
കാലിഫോർണിയയിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അഞ്ജന. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഏഴ് വയസ്സുള്ള ഒരു മകളുണ്ട്.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂർ പീച്ചിയിലുള്ള അഞ്ജനയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് സംസാരിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്.


