
പ്രശസ്ത ചലച്ചിത്ര നടി നവ്യ നായരുടെ ഭർതൃമാതാവ് ശാന്താ മേനോൻ അന്തരിച്ചു. ഭർതൃമാതാവിന്റെ വിയോഗവിവരം നവ്യ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഹൃദയസ്പർശിയായ ഒരു കുറിപ്പോടെ ഏവരെയും അറിയിച്ചത്. തന്നെ ഒരു മരുമകളായിട്ടല്ല, സ്വന്തം മകളായിട്ടാണ് അമ്മ സ്നേഹിച്ചിരുന്നതെന്ന് നവ്യ തന്റെ പോസ്റ്റിൽ പറയുന്നു.
നാരായണ മേനോന്റെയും ശാന്താ മേനോന്റെയും മകനും മുംബൈയിൽ എക്സ്പോർട്ടറുമായ സന്തോഷ് മേനോനാണ് നവ്യയുടെ ഭർത്താവ്. ചങ്ങനാശ്ശേരിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
നവ്യയുടെ ഇൻസ്റ്റാഗ്രാം കുറിപ്പിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
“അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു. എല്ലാ സങ്കടങ്ങളിലും ‘മക്കൾ വിഷമിക്കണ്ട അമ്മയുടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും’ എന്ന് പറഞ്ഞ് കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചതുപോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മയുടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു,” നവ്യ കുറിച്ചു.
തന്റെ നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ഭർതൃമാതാവെന്നും നവ്യ ഓർമിക്കുന്നു. അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്ന് തന്റെ കച്ചേരി മുഴുവൻ അമ്മ കണ്ടിരുന്നുവെന്നും, താൻ രണ്ടു മണിക്കൂർ നൃത്തം ചെയ്തുവെന്ന് അവർ അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞിരുന്നതായും താരം കൂട്ടിച്ചേർത്തു.
“മക്കളേ.. “ എന്ന വിളി ഇപ്പോഴും കാതുകളിൽ മുഴങ്ങി നിൽക്കുന്നുവെന്നും, “മക്കളുടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ “ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നുവെന്നും പറഞ്ഞാണ് നവ്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അമ്മയ്ക്ക് നിത്യശാന്തി നേർന്നുകൊണ്ടുള്ള പോസ്റ്റിന് താഴെ ഒട്ടേറെ ആരാധകരും സിനിമ പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Navya Nair Mother in law passed away her post
