സുഡാനി’ ടീം ദേശീയ പുരസ്‌കാരം ബഹിഷ്‌കരിക്കും

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധവുമായി സിനിമാപ്രവര്‍ത്തകരും. ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കും. സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാക്കളുമാണ് വിട്ടുനില്‍ക്കുക. ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു പിന്തുണ നല്‍കിയാണ് ഇവരുടെ പിന്മാറ്റം.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡാണ് ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് ലഭിച്ചത്. അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ ചിലസംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ സിപിഎമ്മും ലീഗും എതിര്‍ത്ത് രംഗത്തെത്തി. ഇത്തരം ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബിജെപിയുടെ കെണിയില്‍ പെടുന്നതിന് തുല്യമാണിതെന്നും സിപിഎം ആരോപിച്ചു.
അതിനിടെ, പൗരത്വ നിയമത്തില്‍ ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ലെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചു. സര്‍ക്കാരിനെ സമരം ചെയ്തു തോല്‍പിക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  

admin:
Related Post