മാവേലിക്കര മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു

തിരുവനന്തപുരം: മാവേലിക്കര മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

1991 മുതൽ 2006 വരെ തുടർച്ചയായി നാലുതവണ മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1969-ൽ കെ.എസ്.യു.വിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ എ.ഐ.സി.സി അംഗവും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘതൻ സംസ്ഥാന ചെയർമാനുമായിരുന്നു.

എം.ജി സർവകലാശാലയുടെ ആദ്യ സെനറ്റ് അംഗമായിരുന്ന അദ്ദേഹം കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി, യുവജനക്ഷേമ ബോർഡ് എന്നിവയുടെ ഡയറക്ടർ ബോർഡുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മാവേലിക്കര ചെറുകോൽ വൈപ്പുവിളയിൽ പരേതരായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ദേവസ്വം ബോർഡ് കോളേജ് അധ്യാപിക പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.

Mavelikkara former MLA and senior Congress leader M. Murali passed away

By admin