ആഭരണങ്ങളിലെ വ്യാജ ഹാള്‍മാര്‍ക്കിംഗ് എങ്ങനെ തിരിച്ചറിയാം

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) നിഷ്‌കര്‍ഷിക്കുന്ന ഹാള്‍ മാര്‍ക്കിംഗ് മുദ്രണമുള്ള ആഭരണങ്ങള്‍ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കേരള- ലക്ഷദ്വീപ് മേഖലാ തലവന്‍ ശ്രീ. കെ. കതിര്‍വേല്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വര്‍ണ്ണത്തോടൊപ്പം മറ്റു ലോഹങ്ങളും ചേര്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക് പൊതുവേ വിളക്കിച്ചേര്‍ക്കലുകള്‍ കൂടുതലാണ്. അത് കൊണ്ടുതന്നെ തട്ടിപ്പിനുള്ള സാധ്യത ഈ മേഖലയില്‍ ഏറെയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ഐ.എസ് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ നാലു അടയാളങ്ങള്‍ നിര്‍ബന്ധമാണെന്നും ഉപഭോക്താക്കള്‍ കടകളില്‍ ലഭ്യമായ ഭൂതക്കണ്ണാടി ഉപയോഗിച്ച് ഇവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ശ്രീ. കതിര്‍വേല്‍ പറഞ്ഞു. ബി.ഐ.എസ് ചിഹ്നം, പരിശുദ്ധിയെ സംബന്ധിക്കുന്ന മൂന്നക്ക നമ്പര്‍ (22 കാരറ്റ് 916, 18 കാരറ്റ്- 750, 14 കാരറ്റ്- 585 എന്നിങ്ങനെ), സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റുരച്ച് ഹാള്‍ മാര്‍ക്ക് ചെയ്ത ബി.ഐ.എസ് അംഗീകൃത കേന്ദ്രത്തിന്റെ ചിഹ്നം, ആഭരണ വ്യാപാരിയുടെ/നിര്‍മ്മാതാവിന്റെ ചിഹ്നം എന്നിവയാണ് ഈ നാല് അടയാളങ്ങള്‍. ഇവ നാലും ഇല്ലെങ്കില്‍ ഹാള്‍മാര്‍ക്കിംഗ് വ്യാജമാണ്.  ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാനായി വ്യാപാരികള്‍ ഭൂതക്കണ്ണാടി നിര്‍ബന്ധമായും ലഭ്യമാക്കിയിരിക്കണമെന്ന് ബി.ഐ.എസ് മേധാവി പറഞ്ഞു. ഹാള്‍മാര്‍ക്ക് മുദ്രണത്തെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരാണ് നിലവാരം കുറഞ്ഞ സ്വര്‍ണ്ണം വാങ്ങി വഞ്ചിതരാവുന്നതില്‍ ഏറെയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ സംരക്ഷണത്തിനായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) രണ്ടായിരത്തില്‍ തുടങ്ങിയ പദ്ധതിയാണ് ഹാള്‍മാര്‍ക്കിംഗ്. സ്വര്‍ണ്ണാഭരണത്തില്‍ സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ മൂല്യം തിട്ടപ്പെടുത്തിയ ശേഷം അത് ആഭരണത്തില്‍ രേഖപ്പെടുത്തുന്ന രീതിയാണ് ഹാള്‍മാര്‍ക്കിംഗ്. നിലവില്‍ ബി.ഐ.എസ് സ്‌കീം ഗവണ്‍മെന്റ് നിര്‍ബന്ധമാക്കിയിട്ടില്ല. താല്‍പര്യമുള്ളവര്‍ക്ക് സ്വമേധയാ പദ്ധതിയില്‍ചേരാം. സ്വന്തമായി വില്‍പ്പനശാലയുള്ള സ്വര്‍ണ്ണാഭരണ വ്യാപാരികള്‍ക്ക് തങ്ങളുടെ ഉടമസ്ഥാവകാശവും വില്‍പ്പനശാലകളുടെ അവകാശവും സംബന്ധിക്കുന്ന രേഖകളും സഹിതം ഹാള്‍മാര്‍ക്കിംഗ് ലൈസന്‍സിന് അപേക്ഷിക്കാവുന്നതാണ്. മൂന്ന് വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. അതിനുശേഷം ലൈസന്‍സ് പുതുക്കാവുന്നതാണ്. ഇത്തരം ബി.ഐ.എസ് അംഗീകാരമുള്ള വില്‍പ്പന ശാലകളില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് സമയാസമയങ്ങളില്‍ ചെന്നെയിലെ  ബി.ഐ.എസിന്റെ ലബോറട്ടറില്‍ അവയുടെ പരിശുദ്ധി പരിശോധിക്കും.

ഹാള്‍മാര്‍ക്കുള്ള ആഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ബി.ഐ.എസിന് സമര്‍പ്പിക്കാമെന്ന് ശ്രീ. കതിര്‍വേല്‍ അറിയിച്ചു. പരാതി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ബി.ഐ.എസിന്റെ വെബ്‌സൈറ്റില്‍ (www.bis.org.in) ലഭ്യമാണ്. ഉപഭോക്താവിന് വാങ്ങിയ ആഭരണങ്ങളുടെ പരിശുദ്ധി ബി.ഐ.എസിന്റെ അംഗീകാരമുള്ള ലബോറട്ടറികളില്‍ പരിശോധിക്കാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. ഹേമലതാ പണിക്കരും പങ്കെടുത്തു.

admin:
Related Post