തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഹയർസെക്കൻഡറിയിൽ 83.75 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിൽ 90.24 ശതമാനം പേർ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
ഹയര്‍സെക്കന്‍ഡറി പരീക്ഷയിൽ 3,09,065 വിദ്യാർഥികൾ വിജയിച്ചു. 14,735 പേര് എല്ലാ വിഷയത്തിനു എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസുകൾ മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ 1935 വിദ്യാർഥികൾ എ പ്ലസ് നേടി.
ഹയര്‍സെക്കന്‍ഡറിയിൽ ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 86.75 ശതമാനം. എറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയില്‍ 77.16 ശതമാനം. 79 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയപ്പോൾ 180 വിദ്യാർഥികൾ മുഴുവൻ മാർക്കും നേടി.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം തൃശൂർ ജില്ലയിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 69 പേർ എല്ലാവിഷയത്തിനും എപ്ലസ് നേടി.
പുനർമൂല്യ നിർണയത്തിന് മേയ് 15 വരെ അപേക്ഷിക്കാം. സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മേയ് 16 വരെ അപേക്ഷിക്കാം. ജൂൺ അഞ്ച് മുതൽ 12 വരെയാണ് പരീക്ഷകൾ നടക്കുക. പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 28,29 തീയതികളിലാണ് നടക്കുക.