ബംഗളൂരു: ബംഗളൂരുവിലെ കെആർ മാർക്കറ്റിലുള്ള ബാറിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. ഒന്നിലേറെ പേർക്ക് പൊള്ളലേറ്റു. കലസിപാളയം മേഖലയിലെ കൈലാഷ് ബാർ ആൻഡ് റെസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. ബാറിനുള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്.
പുക ഉയരുന്നതു കണ്ട സമീപവാസികളാണ് ഇക്കാര്യം അഗ്നിശമനസേനയെ അറിയിച്ചത്. തുടർന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. തുങ്കൂർ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസൻ സ്വദേശികളായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീർത്തി(24) എന്നിവരാണ് മരിച്ചത്.
ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
