വാക്ക് പാലിച്ച് അവിണിശ്ശേരി ഖാദി യൂണിറ്റ്; സുരേഷ് ഗോപി നൽകിയ 40 ലക്ഷം രൂപ തിരിച്ചടച്ചു, അഭിമാനമെന്ന് താരം

പ്രതിസന്ധിയിലായ 1800-ലധികം തൊഴിലാളികളുടെ ജീവിതത്തിന് കൈത്താങ്ങായി സുരേഷ് ഗോപി നൽകിയ 40 ലക്ഷം രൂപ, കൃത്യം ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ച് അവിണിശ്ശേരി ഖാദി ഗ്രാമവ്യവസായ അസോസിയേഷൻ. ആറര മാസത്തോളമായി അടഞ്ഞുകിടന്ന അവിണിശ്ശേരി ഖാദി യൂണിറ്റിലെ ‘സ്ലിവർ പ്ലാന്റ്’ (Sliver Plant) വീണ്ടും തുറക്കുന്നതിനായി കഴിഞ്ഞ വർഷമാണ് സുരേഷ് ഗോപി പലിശരഹിത വായ്പയായി പണം നൽകിയത്.

തന്റെ മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് അദ്ദേഹം ഈ സഹായം കൈമാറിയത്. സ്ഥാപനം മികച്ച രീതിയിൽ പ്രവർത്തിച്ച് കൃത്യസമയത്ത് തന്നെ തുക തിരിച്ചടച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഇതൊരു സാമ്പത്തിക ഇടപാട് മാത്രമല്ലെന്നും, മറിച്ച് ഭരണസമിതിയുടെ കാഴ്ചപ്പാടിന്റെയും ഓരോ ജീവനക്കാരന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണെന്നും അദ്ദേഹം കുറിച്ചു. തളർന്നുപോയ ഒരു സ്ഥാപനത്തെ സ്വന്തം വിയർപ്പൊഴുക്കി തിരികെ കൊണ്ടുവന്ന തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

“ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്. കൃത്യം ഒരു വർഷം മുൻപ്, ആറര മാസത്തോളമായി അടഞ്ഞുകിടന്ന അവിണിശ്ശേരി ഖാദി യൂണിറ്റിലെ ‘സ്ലിവർ പ്ലാന്റ്’ വീണ്ടും തുറക്കാൻ, എന്റെ മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരു വര്‍ഷത്തേക്ക് 40 ലക്ഷം രൂപ പലിശരഹിത വായ്പയായി നൽകിയത്. 1800-ലധികം തൊഴിലാളികളുടെ ജീവിതമാർഗ്ഗം മുട്ടിപ്പോകരുത് എന്ന ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്.

ഇന്ന് എനിക്ക് ഏറെ അഭിമാനമുണ്ട്. അവിണിശ്ശേരി ഖാദി ഗ്രാമവ്യവസായ അസോസിയേഷൻ ആ തുക പൂർണ്ണമായും ഇന്ന് തിരിച്ചടച്ചിരിക്കുന്നു. ഇത് വെറുമൊരു സാമ്പത്തിക ഇടപാടല്ല. മറിച്ച്, അവിടുത്തെ ഭരണസമിതിയുടെ കാഴ്ചപ്പാടിന്റെയും, ഓരോ ജീവനക്കാരന്റെയും ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലനമാണ്.

തളർന്നുപോയ ഒരു സ്ഥാപനത്തെ സ്വന്തം വിയർപ്പൊഴുക്കി തിരികെ കൊണ്ടുവന്ന ആ തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു. വാക്ക് നൽകിയതുപോലെ കൃത്യസമയത്ത് തുക തിരിച്ചടച്ച അഡ്മിനിസ്ട്രേഷന്‍ ഭാരവാഹികളെയും, ആ സ്ഥാപനത്തെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട തൊഴിലാളികളെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ ഈ ആത്മാർത്ഥതയാണ് നാടിന്റെ കരുത്ത്.”

Avinissery Khadi Unit Repays ₹40 Lakh Loan Provided by Suresh Gopi

By admin