വി.ഡി. സതീശനെയല്ലാതെ മറ്റൊരാളെ ജനങ്ങൾ അംഗീകരിക്കില്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖ്

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കവെ, വി.ഡി. സതീശന് ശക്തമായ പിന്തുണയുമായി നടൻ സിദ്ദിഖ്. കോൺഗ്രസ് ഹൈക്കമാൻഡിനോട് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെയല്ലാതെ മറ്റൊരാളെ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, ഗ്രൂപ്പുകളിയിലൂടെ മറ്റാരെയെങ്കിലും ഈ പദവിയിലേക്ക് കൊണ്ടുവന്നാൽ ജനങ്ങൾ അത് പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “വി.ഡി. സതീശനെയല്ലാതെ സാക്ഷാൽ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല,” സിദ്ദിഖ് കുറിപ്പിൽ പറയുന്നു.

ഈ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ചങ്കുറപ്പോടെ പറഞ്ഞ ഏക നേതാവാണ് വി.ഡി. സതീശനെന്ന് സിദ്ദിഖ് പ്രശംസിച്ചു. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാത്ത, ആരുടെയും ഭീഷണികൾക്ക് വഴങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കാര്യപ്രാപ്തിയുള്ള നേതാവാണ് സതീശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും നെഞ്ചിലേറ്റിയിട്ടുള്ള, കോൺഗ്രസിനെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. നേതാക്കളുടെ അഭിപ്രായം മാത്രം പരിഗണിക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും സിദ്ദിഖ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് വി.ഡി. സതീശൻ എന്ന ഒറ്റപ്പേര് മാത്രമേയുള്ളുവെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

Actor Siddique Urges Congress High Command to Make V.D. Satheesan Kerala’s Next CM

By admin