യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രാഷ്ട്രീയം വിട്ടു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രാഷ്ട്രീയം വിടുന്നു. ചീഞ്ഞളിഞ്ഞ ഈ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാകില്ലെന്നും താത്കാലികമായി രാഷ്ട്രീയം വിടുകയാണെന്നും സിആര്‍ മഹേഷ് അറിയിച്ചു. പാര്‍ട്ടിക്ക് വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് തന്‍റേതെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളിയില്‍ തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസിലെ ചില സ്ഥാനമോഹികളുടെ പ്രസ്താവനകളാണ്. താന്‍ ആര്‍എസ്എസ് ആണെന്ന് പോലും ചിലര്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും എ.കെ ആന്‍റണിയേയും വിമര്‍ശിച്ചുള്ള സി.ആര്‍ മഹേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള നിലപാടും അഭിപ്രായവുമാണ് താന്‍ നടത്തിയത്. മാന്യനായ നേതാവാണ് രാഹുല്‍ ഗാന്ധി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാവുമാണ് അദ്ദേഹം. കോൺഗ്രസി​ന്‍റെ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി സ്​ഥാനം ഒഴിയണമെന്നായിരുന്നു പോസ്റ്റ്. എന്നാൽ മഹേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് നിര്‍ഭാഗ്യകരമാണെന്നും ഒ‍ഴിവാക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും സംസ്ഥാനത്തും ഉരുകി ഇല്ലാതായി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നതാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പടനയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുകയാണെന്നും പാർട്ടിയുടെയും പാർട്ടിയെ സ്നേഹിക്കുന്നവരുടെയും മനസ് തേങ്ങുകയാണെന്നുമായിരുന്നു മഹേഷിന്‍റെ വിമര്‍ശനം. മഹേഷിന്റെ ഈ വിമര്ശനത്തിനെതിരെ ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശക്തമായ ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സി.ആര്‍ മഹേഷിന്‍റെ വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഈ രാഷ്ട്രീയം താത്കാലികമായി ഉപേക്ഷിക്കുന്നുവെന്ന് പത്ര സമ്മേളനത്തിലൂടെയാണ് മഹേഷ് വ്യക്തമാക്കിയത്. തല്ക്കാലം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകില്ലെന്നും സി ആർ മഹേഷ് വ്യക്തമാക്കി.

admin:
Related Post