പെട്രോൾ ഡീസൽ വില മെയ് 1 മുതൽ ദിവസേന പുതുക്കും

രാജ്യത്ത് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കി നിശ്ചയിക്കും.അന്താരാഷ്ട്ര വിപണയിലെ വിലക്കനുസരിച്ചു രാജ്യത്തെ ഇന്ധന വിലയിലും മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് എണ്ണ കമ്പനികൾ അറിയിച്ചു. പുതുച്ചേരി ഉൾപ്പെടെ രാജ്യത്തെ അഞ്ചു നഗരങ്ങളിൽ മെയ് 1മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് തീരുമാനം.പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുർ, ചണ്ഡീഗഡ്, ജംഷഡ്‌പൂർ എന്നീ നഗരങ്ങളിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ തീരുമാനം നടപ്പിലാക്കുക.

അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചുള്ള കുറവ് രാജ്യത്തെ ഇന്ധനവിലയിൽ ഇല്ലാത്തതു വലിയ വിമർശനങ്ങൾക്കു വഴിവെച്ചു. ഈ സാഹചര്യം ഒഴിവാക്കാനാണ് മെയ് മാസം 1 മുതൽ ഇന്ധന വില ദിവസേന പുതുക്കി നിശ്ചയിക്കാനുള്ള എണ്ണ കമ്പനികളുടെ തീരുമാനം. രാജ്യത്ത് പെട്രോളിന്‍റേയും ഡീസലിന്‍റേയും വില നിർണ്ണയാധികാരം എണ്ണ കമ്പനികൾക്കാണ്.അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ വലിയ മാറ്റം വരുമ്പോഴും രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമേ എണ്ണകമ്പനികൾ യോഗം ചേർന്നു വില പുതുക്കി നിശ്ചയിക്കാറുളൂ. അതുകൊണ്ടുതന്നെ രണ്ടാഴ്ച ഒരിക്കൽ വില പുതുക്കി നിശ്ചയിക്കുമ്പോൾ ഉണ്ടാകുന്ന കുത്തനെയുള്ള വർദ്ധനവും ഇടിവും പ്രത്യക്ഷത്തിൽ പ്രകടമാവുകയും ചെയ്തിരുന്നു.ദിവസേന മാറ്റം വരുമ്പോൾ വിലയിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിൽ പ്രകടമാകില്ലെന്നും എണ്ണകമ്പനികൾ കണക്കു കൂട്ടുന്നു. നിലവിൽ രാജ്യത്തെ 95 % ത്തോളം വരുന്ന ഇന്ധന വിപണി നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവുമാണ്. ഭൂരിഭാഗം പെട്രോൾ പമ്പുകളിലും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരക്ക് മാറ്റാൻ കഴിയുന്നതുകൊണ്ടു അടിക്കടി നിരക്ക് മാറ്റുന്നതിനും സാങ്കേതിക തടസ്സം ഉണ്ടാകില്ലെന്നാണ് എണ്ണകമ്പനികൾ പറയുന്നത്.വിദഗ്ധരുടെ നിർദേശപ്രകാരം എണ്ണകമ്പനികൾ ആണ് തീരുമാനം കൈക്കൊണ്ടതെന്നും, സർക്കാറല്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദർ പ്രധാൻ പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ തീരുമാനം എത്രയും വേഗം രാജ്യവ്യാപകമായി നടപ്പാക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം.

admin:
Related Post