
2018, ഐഡന്റിറ്റി, കടുവ, സാറാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരം വൃദ്ധി വിശാൽ വീണ്ടും ശ്രദ്ധേയ വേഷവുമായി. സോഷ്യൽ മീഡിയയിലെ ഡാൻസ് റീലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഈ കൊച്ചുമിടുക്കി, ‘അടവി’ എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നു. വൃദ്ധിയുടെ പിറന്നാൾ ദിനമായ ഇന്ന്, ചിത്രത്തിന്റെ അണിയറപ്രവർത്തകർ വൃദ്ധിയുടെ പങ്കാളിത്തം വെളിപ്പെടുത്തുന്ന പോസ്റ്റർ റിലീസ് ചെയ്തു.
‘അടവി’ എന്നാൽ കാട്. പ്രകൃതിയുടെ ഭീതിജനകമായ മുഖം മാത്രമല്ല, മാതൃസ്നേഹത്തിന്റെയും കരുതലിന്റെയും മാന്ത്രികതയും കാട് ഒളിപ്പിച്ചുവെക്കുന്നു. ഈ വിസ്മയകരമായ പ്രപഞ്ചത്തിന്റെ സൗന്ദര്യം പ്രേക്ഷകർക്ക് പകർന്നുനൽകുകയാണ് ‘അടവി’യുടെ പ്രമേയം. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.
‘കുളിസീൻ’, ‘മറ്റൊരു കടവിൽ’ എന്നീ ഹിറ്റ് ഹ്രസ്വചിത്രങ്ങളുടെ സംവിധായകൻ രാഹുൽ കെ ഷാജിയാണ് ‘അടവി’ ഒരുക്കിയത്. കൈലാസം ഡ്രീംവർക്സിന്റെ ബാനറിൽ അമൽ ഗോപാലകൃഷ്ണനാണ് നിർമാണം. രാഹുൽ രാജ് സംഗീതം പകർന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ അഭിനേതാവ് അഹമ്മദ് സിദ്ധിഖിന്റേതാണ്.
എഡിറ്റിങ് ബിലഹരി, ഛായാഗ്രഹണം രാജേഷ് സുബ്രമണ്യം, പോസ്റ്റർ ഡിസൈൻ സുജിത് ഡിസൈൻസ് എന്നിവർ നിർവഹിച്ചു. ക്രിയേറ്റിവ് സപ്പോർട്ടിൽ നകുൽ കെ ഷാജി, നന്ദു നന്ദൻ, അനൂപ് സുകുമാരൻ, സുന്ദർലാൽ തിരുവേഗപ്പുറ എന്നിവർ. വൈൽഡ് ലൈഫ് സിനിമാട്ടോഗ്രഫി കൺസൾട്ടന്റായി ആമിർ വിസ്, ജീന അനൂപ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശോഭ് കെ വി, സ്റ്റിൽസ് ജിഷ്ണു കൈലാസ് എന്നിവർ പ്രവർത്തിച്ചു.
പ്രകൃതിയുടെ മനോഹാരിതയും വിസ്മയവും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ‘അടവി’ ഒരുങ്ങുന്നു.
