പായസം വിവിധതരം : ഓണം സ്പെഷ്യൽ

ഓണമല്ലേ വരുന്നത് വിവിധതരം പായസങ്ങൾ തയ്യാറാക്കാം.

അവൽ പായസം 

  1. അവൽ – കാൽ കിലോ
  2. നെയ്യ്    – പാകത്തിന്
  3. തേങ്ങ   – ഒരു വലുത് , ചുരണ്ടിയത്
  4. ശർക്കര – 400 ഗ്രാം ,,, വെള്ളം – പാകത്തിന്
  5. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
  6. കശുവണ്ടിപ്പരിപ്പ് – 10, നുറുക്കിയത് ,,, ഉണക്കമുന്തിരി – 15

പാകം ചെയ്യുന്ന വിധം :-

  • അവൽ വൃത്തിയാക്കി നെയ്യിൽ ചുവക്കെ വറുത്തെടുക്കുക. ഇതു മിക്സിയിലാക്കി തരുതരുപ്പായി പൊടിച്ചെടുക്കണം. റവ പോലിരിക്കണം.
  • തേങ്ങ ചുരണ്ടിയതു പിഴിഞ്ഞു ഒന്നും രണ്ടും മൂന്നും പാൽ എടുത്തു വയ്ക്കുക.
  • ശർക്കര പൊടിച്ചു നികക്കെ വെള്ളമൊഴിച്ചു ഉരുക്കി അരിച്ചു വയ്ക്കണം.
  • ഒരു ഉരുളിയിൽ മൂന്നാം പാൽ അടുപ്പിൽ വച്ചു തിളപ്പിച്ച് അതിൽ അവൽ വറുത്തുപൊടിച്ചതും ചേർത്തിളക്കി വേവിക്കുക.തിളച്ചു വറ്റിത്തുടങ്ങുമ്പോൾ ശർക്കര ചേർത്തിളക്കി വരട്ടിയെടുക്കണം.
  • ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് മെല്ലെ ഇളക്കുക.
  • ഒന്നാം പാലും ചേർത്തിളക്കി വാങ്ങി ഏലയ്ക്കാപ്പൊടിയും ചേർക്കുക
  • ബാക്കിയുള്ള നെയ്യിൽ കശുവണ്ടിപ്പരിപ്പ് നുറുക്കും ഉണക്കമുന്തിരിയും വറുത്തു പായസത്തിൽ ചേർത്തിളക്കി ചൂടോടെ വിളമ്പാം.

പൈനാപ്പിൾ പായസം 

  1. തേങ്ങ ചുരണ്ടിയത് – ആറു കപ്പ്
  2. പച്ചരി – ഒരു കപ്പ് ,,, കടലപ്പരിപ്പ് – കാൽ കപ്പ്
  3. പഴുത്ത പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – അരക്കപ്പ്
  4. ശർക്കരപ്പാനി – രണ്ടരക്കപ്പ്‌
  5. ചുക്കുപൊടി – അര ചെറിയ സ്പൂൺ ,,, ജീരകംപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം :-

  • തേങ്ങ വെള്ളം ചേർത്ത് പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാൽ, നാല് കപ്പ് രണ്ടാം പാൽ, എട്ടു കപ്പ് മൂന്നാം പാൽ എന്നിവ എടുത്തുവയ്ക്കുക.
  • മൂന്നാം പാൽ അടുപ്പത്തുവച്ചു തിളയ്ക്കുമ്പോൾ അരിയും കടലപ്പരിപ്പും ചേർത്ത് വെന്തശേഷം പൈനാപ്പിളും ചേർത്ത് വേവിക്കുക. വെള്ളം വറ്റിയശേഷം ശർക്കരപ്പാനിയും രണ്ടാം പാലും ചേർത്ത് തുടരെ ഇളക്കുക. പാകത്തിന് കുറുകുമ്പോൾ ചുക്കും ജീരകവും പൊടിച്ചതും ഒന്നാം പാലും ചേർത്ത് ഇളക്കി വാങ്ങണം.

ഗോതമ്പു പായസം  

  1. പാൽ  – ആറു കപ്പ്
  2. ഗോതമ്പുനുറുക്ക്‌ – അരക്കപ്പ്
  3. പഞ്ചസാര – മുക്കാൽ കപ്പ്
  4. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ ,,, കുങ്കുമപ്പൂവ് – ഒരു നുള്ള് ഒരു വലിയ സ്പൂൺ ചൂടുപാലിൽ കുതിർത്തത് ,,,,  ബദാം നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം :-

  • ചുവടുകട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക
  • ഇതിൽ കഴുകി അരിച്ചുവച്ചിരിക്കുന്ന ഗോതമ്പു നുറിക്കിട്ടു വേവിക്കുക.
  • വെന്ത കൂട്ടിൽ പഞ്ചസാര ചേർത്തിളക്കുക
  • ഇതിൽ നാലാമത്തെ ചേരുവ ചേർത്തിളക്കി ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം

ഇളനീർ പായസം

  1. തേങ്ങാപ്പാൽ  – 250 മില്ലി,,, കണ്ടൻസ്ഡ് മിൽക്ക് – 150 മില്ലി ,,, ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
  2. കരിക്ക് – 50 ഗ്രാം , ചെറുതായി അരിഞ്ഞത്
  3. കശുവണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം :-

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തണുപ്പിക്കുക
  • ഇതിലേക്ക് കരിക്ക് അരിഞ്ഞതും കശുവണ്ടിപ്പരിപ്പും ചേർത്തിളക്കി തണുപ്പിച്ചു വിളമ്പുക.
admin:
Related Post