കൊതിപ്പിക്കും അച്ചാറുകള്‍

ഉച്ചക്ക് ചോറിനൊപ്പം അല്പം അച്ചാര്‍ കൂട്ടാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. സ്വാദിഷ്ടമായ അച്ചാറുകള്‍ ഇനിം വീട്ടില്‍തന്നെ തയ്യാറാക്കാന്‍..

1. മുറിച്ച മാങ്ങ അച്ചാര്‍

മാങ്ങ ചെറുതായി മുറിച്ചത് – 1 കിലോ
ചുവന്ന മുളക് – 200 ഗ്രാം
പിരിയന്‍ മുളക് – 200 ഗ്രാം
കടുക് – 50 ഗ്രാം
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പൊടി – 1 നുള്ള്
കായംപൊടി – 3 ടേബിള്‍സ്പൂണ്‍

ചെറുതായി മുറിച്ച മാങ്ങക്കഷ്ണത്തില്‍ 100 ഗ്രാം ഉപ്പ് ചേര്‍ക്കുക. ബാക്കി ഉപ്പും മഞ്ഞളും 6 കപ്പ്‌ വെള്ളത്തില്‍ തിളപ്പിച്ച് തണുക്കാന്‍ വെയ്ക്കുക. പിരിയന്‍ മുളകും ചുവന്ന മുളകും തയ്യാറാക്കിവെച്ചിരിക്കുന്ന ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ 1/4 കപ്പ്‌ ചേര്‍ത്ത് കുതിര്‍ക്കുക. 2 – 4 മണിക്കൂര്‍ കുതിര്‍ന്നാല്‍ ബാക്കി വെള്ളവും ചേര്‍ത്ത് അരയ്ക്കുക. ഈ അരപ്പില്‍ ഉപ്പിലിട്ട മാങ്ങക്കഷ്ണങ്ങള്‍ യോജിപ്പിച്ച് ഉപ്പ് പകമാണോ എന്ന് നോക്കിയ ശേഷം അടച്ചു വെയ്ക്കുക.

2.  വെള്ളരിക്ക അച്ചാര്‍

പച്ച വെള്ളരിക്ക തൊലിയോടെ കഷ്ണങ്ങളാക്കിയത് – 4 കപ്പ്‌
ചുവന്ന മുളക് – 150 ഗ്രാം
കടുക് – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കായംപൊടി – 3 ടേബിള്‍സ്പൂണ്‍
ഉപ്പിട്ട് തിളപ്പിച്ചാറ്റിയ വെള്ളം – 3 കപ്പ്‌

പച്ച വെള്ളരിക്ക വിത്തുകള്‍ മാറ്റി നേര്‍മയായി മുറിച്ചത് 2 സ്പൂണ്‍ ഉപ്പ് പുരട്ടി വെയ്ക്കുക. ചുവന്ന മുളക്, കടുക്, കായം, ഉപ്പ് 1/4 കപ്പ്‌ വെള്ളവും ചേര്‍ത്ത് അരയ്ക്കുക. വെള്ളരികഷ്ണം ഈ അരപ്പുമായി യോജിപ്പിക്കുക. ബാക്കി വെള്ളം ചേര്‍ക്കണം. ഇത് കുപ്പികളിലാക്കി സൂക്ഷിക്കുക.

 

3. കുരുമുളക് നാരങ്ങ അച്ചാര്‍

വിളഞ്ഞ ചെറുനാരങ്ങ എട്ടായി മുറിച്ചത് – 25 എണ്ണം
ഉപ്പ് – പാകത്തിന്
പച്ചകുരുമുളക് – 5 ടേബിള്‍ സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ മുറിച്ചത് – 10 എണ്ണം
കാന്താരി മുളക് ചെറുതായി ചതച്ചത് – 15 എണ്ണം

മുറിച്ച നാരങ്ങയും പച്ചകുരുമുളക് മണികളും പച്ചമുളക് അരിഞ്ഞതും കാന്താരിയും പാകത്തിന് ഉപ്പും ചേര്‍ത്ത് കുപ്പികളില്‍ സൂക്ഷിക്കുക. 6 മാസം വരെ കേടുകൂടാതെ ഇരിക്കും.

 

4. വടുകപ്പുളി നാരങ്ങ അച്ചാര്‍

വടുകപ്പുളി നാരങ്ങ – 1 എണ്ണം
ഉപ്പ് – പാകത്തിന്
കുരുമുളക് ചെറുതായി വറത്തുപൊടിച്ചത് – 4 ടേബിള്‍ സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ മുറിച്ചത് – 6 എണ്ണം
കാന്താരി മുളക് ചെറുതായി ചതച്ചത് – 10 എണ്ണം

വടുകപ്പുളി നാരങ്ങ ചെറു കഷ്ണങ്ങളാക്കി വിത്ത് മാറ്റുക. ഇതില്‍ കുരുമുളക് പൊടിയും പച്ചമുളക് അരിഞ്ഞതും കാന്താരിയും പാകത്തിന് ഉപ്പും ചേര്‍ത്ത് കുപ്പികളില്‍ സൂക്ഷിക്കുക. 6 മാസം വരെ കേടുകൂടാതെ ഇരിക്കും.

 

admin:
Related Post