തമിഴ് സൂപ്പർതാരം ദളപതി വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെ കോടതിയിൽ പുതിയ ഹർജിയുമായി ഭാര്യ സംഗീത സ്വർണലിംഗം. വിവാഹമോചന കേസ് തീർപ്പാക്കുന്നതുവരെ ഇരുവർക്കുമുള്ള ഭർതൃഗൃഹത്തിൽ (matrimonial home) തന്നെ താമസിക്കാൻ അനുവദിക്കണമെന്നും ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് പുതിയ ഹർജിയിലെ പ്രധാന ആവശ്യം.
തന്നെ വീട്ടിൽ നിന്ന് പുറത്താക്കാനും താമസസൗകര്യം നിഷേധിക്കാനും സാധ്യതയുണ്ടെന്ന് ഭയക്കുന്നതായി സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ തനിക്ക് നിയമപരമായ സംരക്ഷണം ആവശ്യമാണെന്നും അവർ കോടതിയെ അറിയിച്ചു.
മാനസിക പീഡനം, അവഗണന, മറ്റൊരു നടിയുമായുള്ള വിജയ്യുടെ ബന്ധം എന്നീ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നത്. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയിട്ടും അത് പാലിച്ചില്ലെന്നും, ഇത് തനിക്കും മക്കൾക്കും വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും അവരുടെ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
വിജയ്-സംഗീത വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആരാധകർക്കിടയിലും വലിയ ഞെട്ടലാണ് ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ഹർജിയിൽ കോടതിയുടെ തുടർനടപടികൾ എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

