HomeEntertainment20-ാം വിവാഹവാർഷികത്തിൽ വീണ്ടും 'വിവാഹിതരായി' സൂര്യയും ജ്യോതികയും; മക്കളെ സാക്ഷിയാക്കി വെഡ്ഡിങ് വൗസ് പുതുക്കി താരദമ്പതികൾ

20-ാം വിവാഹവാർഷികത്തിൽ വീണ്ടും ‘വിവാഹിതരായി’ സൂര്യയും ജ്യോതികയും; മക്കളെ സാക്ഷിയാക്കി വെഡ്ഡിങ് വൗസ് പുതുക്കി താരദമ്പതികൾ

തമിഴ് ചലച്ചിത്ര ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹവാർഷിക വേളയിൽ വിവാഹ വാഗ്ദാനം പുതുക്കി (Vow Renewal). വിദേശത്ത് വച്ച് നടന്ന ലളിതമായ ചടങ്ങിൽ പാശ്ചാത്യ ശൈലിയിലുള്ള ചർച്ച് വെഡ്ഡിങ് രീതിയിലാണ് ഇരുവരും വീണ്ടും ‘വിവാഹിതരായത്’.

വെളുത്ത വെഡ്ഡിങ് ഗൗണിൽ വധുവായി ജ്യോതിക എത്തിയപ്പോൾ, വെള്ള ടക്സീഡോയിൽ അതീവ സുന്ദരനായാണ് സൂര്യ ചടങ്ങിൽ പങ്കെടുത്തത്. മകൻ ദേവിന്റെ കൈപിടിച്ചാണ് ജ്യോതിക വേദിയിലേക്ക് എത്തിയത്; മകൾ ദിയയുടെ കൈപിടിച്ച് സൂര്യയും എത്തി. സഹോദരനും നടനുമായ കാർത്തി ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ സാക്ഷികളായി.

“ദി സീക്വൽ (The Sequel) – 20 വർഷത്തെ സ്നേഹവും പോരാട്ടങ്ങളും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ” എന്ന കുറിപ്പോടെ ജ്യോതികയാണ് ഈ മനോഹരമായ നിമിഷങ്ങളുടെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇത് പൂർണ്ണതയുള്ള ഒരു ദാമ്പത്യത്തിന്റെ ആഘോഷമല്ലെന്നും, മറിച്ച് പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യാനും മനസ്സിലാക്കാനും സാധിച്ച അപൂർണ്ണതകളുടെ ആഘോഷമാണെന്നും ജ്യോതിക കുറിച്ചു.

2006 സെപ്റ്റംബർ 11-നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. ഇരുപത് വർഷത്തെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ വേളയിൽ പുറത്തുവന്ന ഇവരുടെ ആഘോഷ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.

ഇരുവരുടെയും പോസ്റ്റിൽ പങ്കുവെച്ചത് ഇങ്ങനെ ;

ഇതൊരു തികഞ്ഞ ദാമ്പത്യത്തിന്റെ ആഘോഷമല്ല. മറിച്ച് പോരായ്മകളുടെയും, വിട്ടുവീഴ്ചകളുടെയും, പരസ്പര ധാരണയുടെയും, ത്യാഗങ്ങളുടെയും, സ്വാർത്ഥതയില്ലാത്ത സ്നേഹത്തിന്റെയും ആഘോഷമാണ്. ഇത് “നമ്മുടെ” ആഘോഷമാണ്. പരസ്പരം വേണ്ടി നമ്മൾ മാറിതീർന്ന ആ മനുഷ്യരുടെ ആഘോഷം.
എത്ര വൈരുദ്ധ്യം നിറഞ്ഞതാണ്-
ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു സ്വപ്നം, ഇന്ന് എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ഓർത്തു സന്തോഷിക്കാൻ പോകുന്ന ഒരു യാഥാർത്ഥ്യമായിരിക്കുന്നു!
ഇതാ എൻ്റെ പ്രതിജ്ഞകൾ –
ഞാൻ എപ്പോഴും സന്തോഷവതിയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം ജീവിതത്തിന്റെ നല്ല വശങ്ങൾ മാത്രം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഞാൻ ജീവിതത്തെ ആഘോഷമാക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം ജീവനുതുല്യം സ്നേഹിക്കുന്നയാൾ സ്വന്തം ജീവനക്കാൾ നിങ്ങളെ ബഹുമാനിക്കുമ്പോൾ, ജീവിതം തന്നെ ഒരു വലിയ സമ്മാനമായി മാറുന്നു.
ഞാൻ ഒരിക്കലും പരാതിപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു-
ഞാനെന്തിന് പരാതിപ്പെടണം? ഇത്രയും വിശാലമായ ആകാശത്തിന് പോലും ഭൂമിയെ തൊടാനുള്ള ഭാഗ്യമില്ലല്ലോ! ചുറ്റും നോക്കൂ, നിലനിൽക്കുന്ന സകലതും അപൂർണ്ണമാണ്. ആ ഒഴിവുകൾ നമ്മൾ എങ്ങനെ നികത്തുന്നു എന്നതിലാണ് കാര്യം.
ഞാൻ നന്ദിയുള്ളവളായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു – കാരണം എല്ലാ പ്രഭാതത്തിലും എന്നെ സംരക്ഷിക്കുന്ന ഒരു പുരുഷൻ്റെ കൈകളിൽ ഞാൻ ഉണരുന്നു, കൂടാതെ എൻ്റെ ജീവിതത്തിന് അർത്ഥവും ജീവിക്കാൻ ഒരു കാരണവും നൽകിയ എൻ്റെ പ്രിയപ്പെട്ട മക്കൾക്കൊപ്പവും.
ഞാൻ ആരോഗ്യവതിയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം അത് മാത്രമാണ് നമ്മൾ പടുത്തുയർത്തുന്ന യഥാർത്ഥ സമ്പാദ്യം. എത്ര മനോഹരമായ കോൺക്രീറ്റ് വീടുകൾക്കും ചോർച്ചയും ചിതലുകളും അറ്റകുറ്റപ്പണികളും വേണമല്ലോ.
ഞാൻ ഏറ്റവും നല്ലൊരു അമ്മയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — അത് ഭക്ഷണം വച്ചുണ്ടാക്കുന്നത് കൊണ്ടോ, വൃത്തിയാക്കുന്നത് കൊണ്ടോ, സഹായിക്കുന്നത് കൊണ്ടോ അല്ല, മറിച്ച് എൻ്റെ പുഞ്ചിരി കണ്ട്, തങ്ങളുടെ അപ്പയും അമ്മയും ജീവിച്ച ആ ജീവിതം വീണ്ടും ജീവിക്കാൻ എൻ്റെ മക്കൾ ആഗ്രഹിക്കുന്നത് കൊണ്ടാണ്.
എൻ്റെ സൂര്യ, വഴക്കിടുകയും, പിന്നീട് വീണ്ടും ഇണങ്ങുകയും, ഓരോ തവണയും നിന്നിലേക്ക് കുറച്ചുകൂടി അടുക്കുകയും ചെയ്യുന്ന ആ അപൂർണ്ണയായ ഭാര്യയായി തന്നെ ഞാൻ തുടരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
നമ്മുടെ സൗഹൃദത്തെ ഞാൻ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം നിനക്ക് തുല്യനായ, നിന്റെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന, വർത്തമാനങ്ങൾ പങ്കുവെക്കുന്ന, നിന്റെ ഏറ്റവും നല്ല കൂട്ടുകാരനായ ഒരാളെ കണ്ടെത്തുക എന്നത് അപൂർവ്വമാണ്; അതും നിന്റെ ഭർത്താവും നിന്റെ കുട്ടികളുടെ അച്ഛനുമായ ഒരേയൊരു പ്രത്യേക മനുഷ്യനിൽ തന്നെ ഇവയെല്ലാം കണ്ടെത്തുക എന്നത്!
അതുകൊണ്ട് നമ്മുടെ അടുത്ത ഇരുപത് വർഷങ്ങളിലേക്ക് — തികഞ്ഞ പരസ്പര ധാരണയുള്ള, അപൂർണ്ണരായ നമുക്കായി.

Suriya and Jyotika Renew Wedding

RELATED ARTICLES
- Advertisment -

Most Popular