HomeEntertainmentഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6...

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ, എൻട്രി സൗജന്യം; ദുൽഖർ സൽമാൻ ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ “ഐ ആം ഗെയിം” ന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് നടക്കും. കാക്കനാട് ഇൻഫോ പാർക്ക് എക്സ്പ്രസ്സ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് വൈകുന്നേരം 6 നാണ് പ്രൗഢ ഗംഭീരമായ ഈ ഇവന്റ് നടക്കുക. ചടങ്ങിലേക്കുള്ള പ്രവേശനം പ്രേക്ഷകർക്ക് തീർത്തും സൗജന്യമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഗായകൻ വേടൻ, അർമാൻ മാലിക് എന്നിവരുൾപ്പെടെ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഉൾപ്പെടുന്ന ഇവന്റിൽ ചിത്രത്തിന്റെ താരനിരയും അണിയറ പ്രവർത്തകരും പങ്കെടുക്കും. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ മെഗാ റിലീസായി എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്സ് ബിജോയ് ഈണം നൽകിയ, ചിത്രത്തിലെ “മഴവില്ലായേ” എന്ന ഗാനം ഇതിനോടകം പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. ബ്രഹ്മാണ്ഡ റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് കൌണ്ട്ഡൌൺ ആരംഭിച്ചു കൊണ്ടുള്ള സ്റ്റൈലിഷ് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം, റെക്കോർഡ് റിലീസായാണ് എത്തുക. മലയാളം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ട്രെയ്‌ലറിനും ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്‌ലർ, പാൻ ഇന്ത്യൻ ശ്രദ്ധ നേടിയെടുത്തിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് വലിയ തീയേറ്റർ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാവും ചിത്രം എത്തുക.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളിലും അതീവ സ്റ്റൈലിഷ് ആയാണ് ദുൽഖർ സൽമാനെ അവതരിപ്പിച്ചത്. ദുൽഖർ സൽമാനെ കൂടാതെ ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ, ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

RELATED ARTICLES
- Advertisment -

Most Popular