വർഷങ്ങൾക്ക് മുൻപ് തന്നോട് തന്നെ ചെയ്ത ഒരു വാഗ്ദാനം നിറവേറ്റിക്കൊണ്ട്, എവറസ്റ്റ് ബേസ് ക്യാമ്പിന്റെ അടിവാരത്ത് ഒരു പർവ്വതാരോഹകയും നർത്തകിയുമായ യുവതി തന്റെ എവറസ്റ്റ് യാത്രയ്ക്ക് മുന്നോടിയായുള്ള പൂജയുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കുന്നു. വെറും നാലാം വയസ്സിൽ നൃത്തം ആരംഭിച്ച അവൾ, തന്റെ രണ്ട് വലിയ ഇഷ്ടങ്ങളെയും ആ പർവ്വതനിരകളിലേക്ക് ഒപ്പം കൊണ്ടുപോകുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കാൻ ഇറങ്ങിത്തിരിക്കുന്നതിന് മുൻപായി, സുരക്ഷിതമായ ഒരു യാത്രയ്ക്കുള്ള പ്രാർത്ഥനയായും, സാഗർമാതാ ദേവിക്കും ഗണപതി ഭഗവാനുമുള്ള ഒരു സമർപ്പണമായുമാണ് അവൾ ഈ നൃത്തം അവതരിപ്പിക്കുന്നത്.”
വീഡിയോ പങ്കുവെച്ച് അവർ കുറിച്ചത് ഇങ്ങനെ
ഒരുനാൾ എവറസ്റ്റ് കീഴടക്കണം എന്ന ലക്ഷ്യത്തോടെ പർവ്വതാരോഹണം തുടങ്ങിയ കാലം മുതൽ ഞാൻ എന്നോട് തന്നെ ഒരു വാഗ്ദാനം ചെയ്തിരുന്നു, എവറസ്റ്റ് ബേസ് ക്യാമ്പിൽ ഞാൻ ഭരതനാട്യം അവതരിപ്പിക്കുമെന്ന്. നൃത്തത്തോടുള്ള എന്റെ പ്രണയം പ്രകടിപ്പിക്കുന്നതിനൊപ്പം, പർവ്വതങ്ങളോടുള്ള ആദരസൂചകമായി നമ്മുടെ ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപം അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം.
പർവ്വതങ്ങളെ സ്നേഹിച്ചു തുടങ്ങുന്നതിനും മുൻപേ, എനിക്ക് വെറും നാല് വയസ്സുള്ളപ്പോഴാണ് ഭരതനാട്യവും നൃത്തവും എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതിനാൽ തന്നെ, നൃത്തത്തെയും പർവ്വതാരോഹണത്തെയും ഞാൻ ഒരുപോലെ സ്നേഹിക്കുന്നു, രണ്ടും എന്റെ പാഷനാണ്… എന്നാൽ എവറസ്റ്റ് കീഴടക്കുക എന്ന എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നൃത്തം എവിടെയൊക്കെയോ പിന്നിലായിപ്പോയി. അതുകൊണ്ടാണ് എന്റെ കഴിഞ്ഞ 3 പര്യവേഷണങ്ങളിലും ഞാൻ പർവ്വതങ്ങളിൽ പോയി നൃത്തം ചെയ്യാൻ തുടങ്ങിയത്
എവറസ്റ്റ് ആരോഹണത്തിന് മുൻപായി, സുരക്ഷിതമായ ഒരു യാത്രാനുമതിക്കായി പർവ്വതങ്ങളോട് പ്രാർത്ഥിച്ചുകൊണ്ട് ഇന്നലെ നടന്ന പൂജാ ചടങ്ങിൽ നിന്നുള്ളതാണ് ഈ വീഡിയോ. എന്റെ ഭരതനാട്യത്തിലൂടെയാണ് ഞാൻ പർവ്വതനിരകളോട് ആ യാത്രയ്ക്കുള്ള അനുവാദം ചോദിച്ചത്
സാഗർമാതാ ദേവിക്കും ഗണപതി ഭഗവാനും നന്ദി.
എല്ലാത്തിനും ഞാൻ എക്കാലവും കടപ്പെട്ടവളായിരിക്കും.
ഈ പര്യവേഷണത്തിലെ ഏറ്റവും പുണ്യകരമായ ദിവസത്തിൽ തന്നെ ഇങ്ങനെയൊന്ന് സാധ്യമാക്കിയതിന് ഒത്തിരി നന്ദി.”
Dance at Everest Base camp

