ഇനി ഞാൻ ആരെ അപ്പൂപ്പാ എന്ന് വിളിക്കും?’; മുത്തശ്ശന്റെ വിയോഗത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഹാന കൃഷ്ണ

പ്രിയപ്പെട്ട മുത്തശ്ശന്റെ വിയോഗത്തിന്റെ തീവ്രമായ വേദന പങ്കുവെച്ച് നടി അഹാന കൃഷ്ണ. മാർച്ച് 29-നാണ് അഹാനയുടെ അപ്പൂപ്പൻ അന്തരിച്ചത്. മുത്തശ്ശനുമായുള്ള മനോഹരമായ ഓർമ്മകളും അദ്ദേഹത്തെ നഷ്ടപ്പെട്ടതിലെ വേദനയും പങ്കുവെച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആരാധകരുടെ കണ്ണുനനയിക്കുകയാണ്.

സംഭവിച്ചതുമായി പൊരുത്തപ്പെട്ടതിന് ശേഷം എന്തെങ്കിലും എഴുതാമെന്നാണ് ആദ്യം കരുതിയതെന്നും, എന്നാൽ ഈ യാഥാർത്ഥ്യം തനിക്ക് ഒരിക്കലും പൂർണ്ണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് പിന്നീട് മനസ്സിലായെന്നും അഹാന പറയുന്നു. ഒരു യാത്രപോലും പറയാതെ മാർച്ച് 29-ന് വൈകുന്നേരം 4.30-ഓടെ അദ്ദേഹം മടങ്ങിയപ്പോൾ തന്റെ ഒരു ഭാഗം കൂടിയാണ് കൂടെപ്പോയതെന്ന് താരം കുറിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹത്തിന് പ്രായമേറുകയും ആരോഗ്യം മോശമാവുകയും ചെയ്തപ്പോൾ, അദ്ദേഹത്തെ എപ്പോഴെങ്കിലും നഷ്ടപ്പെടുമെന്ന ഭയം തനിക്കുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തോടൊപ്പം പരമാവധി നല്ല നിമിഷങ്ങൾ ചിലവഴിക്കാൻ താൻ ശ്രമിച്ചിരുന്നു. ഈ ഓർമ്മകൾ നൽകുന്ന സന്തോഷം വലുതാണെങ്കിലും, ഇനി വരാനിരിക്കുന്ന ദിവസങ്ങളെല്ലാം അപൂർണ്ണമായിരിക്കുമെന്ന തിരിച്ചറിവ് വേദനയാണെന്നും അഹാന പറയുന്നു.

കുട്ടിക്കാലത്ത് തനിക്ക് ഏറ്റവും നല്ല ഉടുപ്പുകൾ വാങ്ങിത്തന്നതിന്, ആദ്യത്തെ വിമാന ടിക്കറ്റ് എടുത്തുതന്നതിന്, അമ്മയ്ക്ക് മികച്ചൊരു കുട്ടിക്കാലം നൽകിയതിന്, തങ്ങൾ ഇന്നു ജീവിക്കുന്ന മികച്ച ജീവിതത്തിലേക്ക് വഴിതെളിച്ചതിന്, സ്കൂൾ പുസ്തകങ്ങൾ ഭംഗിയായി പൊതിഞ്ഞു തന്നതിന്, ഭക്ഷണം പാഴാക്കാതെ ആസ്വദിച്ച് കഴിക്കാൻ പഠിപ്പിച്ചതിന്, തങ്ങളെയോർത്ത് എപ്പോഴും അഭിമാനിച്ചിരുന്നതിന്… അങ്ങനെ എല്ലാത്തിനും അഹാന തന്റെ പ്രിയപ്പെട്ട അപ്പൂപ്പന് നന്ദി പറയുന്നു.

സ്വർഗ്ഗത്തിൽ അദ്ദേഹം ഇപ്പോൾ സന്തോഷവാനായിരിക്കുമെന്ന് വിശ്വസിക്കുന്നതായും അഹാന തന്റെ കുറിപ്പിൽ പറയുന്നുണ്ട്. “ഒരു ദിവസം 15 മരുന്നുകൾ കഴിക്കേണ്ടി വരാത്തത്, സ്വന്തം കാര്യങ്ങൾ ചെയ്യാൻ മറ്റൊരാളുടെ സഹായം ആവശ്യമില്ലാത്തത്, പ്രമേഹവും സ്ട്രോക്കും മറ്റ് അസുഖങ്ങളുമായി ഇനി ആശുപത്രിയിൽ പോകേണ്ടി വരാത്തത്… ഇതെല്ലാം ഇപ്പോൾ വലിയ ആശ്വാസമായിരിക്കും. അപ്പൂപ്പൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി, സമാധാനത്തോടെ ഇരിക്കുന്നു എന്ന് ഞാൻ കരുതുന്നു,” അഹാന കുറിച്ചു.

“ഒരു ദിവസം നമ്മൾ വീണ്ടും കണ്ടുമുട്ടുമ്പോൾ ഇതിനെക്കുറിച്ചൊക്കെ എനിക്ക് കൂടുതൽ പറഞ്ഞുതരണം. യാത്രവിടനൽകുന്നു അപ്പൂപ്പാ… ഇനി ഞാൻ ആരെ അപ്പൂപ്പാ എന്ന് വിളിക്കും?” എന്ന ഹൃദയഭേദകമായ ചോദ്യത്തോടെയാണ് അഹാന തന്റെ വികാരനിർഭരമായ കുറിപ്പ് അവസാനിപ്പിക്കുന്നത്. അനവധി പേരാണ് താരത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ആശ്വാസവാക്കുകളുമായി പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

Ahaana Krishna Pens Heartbreaking Tribute on Grandfather’s Passing

By admin