തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയ്യെ ചെന്നൈയിലെ തമിഴക വെട്രി കഴകം (TVK) പാർട്ടി ആസ്ഥാനത്തെത്തി നേരിൽ കണ്ട് ആശംസകൾ അറിയിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങളായ സിമ്രാനും ചിലമ്പരസനും (സിമ്പു). തിങ്കളാഴ്ചയാണ് താരങ്ങൾ മുഖ്യമന്ത്രി വിജയ്യെ സന്ദർശിച്ചത്. സന്ദർശനത്തിന് ശേഷമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തന്റെ കുടുംബത്തോടൊപ്പമാണ് നടി സിമ്രാൻ വിജയ്യെ കാണാനെത്തിയത്. വർഷങ്ങൾക്ക് ശേഷം വിജയ്യെ നേരിൽ കണ്ടതിന്റെ സന്തോഷം താരം പങ്കുവെച്ചു. “വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീൻ സ്പേസ് പങ്കിട്ടതിന് ശേഷം, ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരു വിജയ്യെ എന്റെ കുടുംബത്തോടൊപ്പം കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തെ ഒരുപാട് ആളുകൾക്ക് പ്രിയങ്കരനാക്കിയ ആ സ്നേഹവും വിനയവും ആത്മാർത്ഥതയും ഇന്നും അതുപോലെ തന്നെയുണ്ട്! നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും താല്പര്യവും പ്രചോദനാത്മകമാണ്,” സിമ്രാൻ കുറിച്ചു. നേരുക്ക് നേർ, വൺസ് മോർ, തുള്ളാത മനവും തുള്ളും, പ്രിയമാനവളെ, ഉദയ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ വിജയ്യുടെ എക്കാലത്തെയും മികച്ച ജോഡിയായിരുന്നു സിമ്രാൻ.
തന്റെ പ്രിയപ്പെട്ട ‘വിജയ് അണ്ണനെ’ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ നടൻ ചിലമ്പരസനും പങ്കുവെച്ചിട്ടുണ്ട്. “ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിജയ് അണ്ണനെ ഇന്ന് നേരിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. തമിഴ്‌നാട്ടിലെ ജനങ്ങളെ സേവിക്കുന്ന അദ്ദേഹത്തിന് എല്ലാ കരുത്തും വിജയവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,” എന്നാണ് സിമ്പു സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും, മുൻപ് സിമ്പുവിന്റെ ‘വാല്’ എന്ന ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായ സമയത്ത് വിജയ്യും അദ്ദേഹത്തിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖറും സിമ്പുവിന് വലിയ പിന്തുണ നൽകിയിരുന്നു.
കഴിഞ്ഞ മെയ് 10-ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് നേരിട്ടെത്തി ആശംസകൾ അറിയിക്കുന്നത്. ദ്രാവിഡ പാർട്ടികളുടെ ആധിപത്യമുള്ള തമിഴ്‌നാട് രാഷ്ട്രീയത്തിൽ കന്നി അങ്കത്തിൽ തന്നെ 108 സീറ്റുകൾ നേടിയാണ് വിജയ്യുടെ തമിഴക വെട്രി കഴകം (TVK) അധികാരം പിടിച്ചെടുത്തത്.
Actors Simran and Silambarasan Meet Tamil Nadu Chief Minister Vijay



