ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി

ലക്ഷദ്വീപ് സാമൂഹിക പ്രവർത്തകയും ചലച്ചിത്രപ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരായ കേസിൽ രാജ്യദ്രോഹം കുറ്റം ചുമത്തിയതിന്റെ കാരണങ്ങൾ പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കോടതി പൊലീസിനോട് ചോദ്യങ്ങൾ ആരാഞ്ഞത്.
അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നൽകണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഐഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ഹർജികാരി കൂടിയായ ഐഷയുടെ കൂടെ ആവശ്യപ്രകാരമാണ് ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചത്.
രാജ്യദ്രോഹ കേസിൽ ഈ മാസം 20-ന് ഹാജരാകാനാണ് തനിക്ക് പൊലീസിൽ നിന്ന് ലഭിച്ച നിർദേശമെന്നും അതിനാൽ പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് പരിഗണിക്കണമെന്ന് ഐഷ ആവശ്യപ്പെട്ടു.

ഇതു അംഗീകരിച്ച ഹൈക്കോടതി പൊലീസിനോട് രാജ്യദ്രോഹക്കുറ്റം – 124 എ – ഐഷയുടെ മേൽ ചുമത്തിയതിനുള്ള കാരണങ്ങൾ ആരാഞ്ഞു.
താൻ ടെലിവിഷൻ ചാനലിൽ നടത്തിയ പരാമർശം ബോധപൂർവം ആയിരുന്നില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് കേസ് എടുത്തതെന്നും ഐഷ പറഞ്ഞു.
 ചാനൽ ചർച്ചയ്ക്കിടെ പ്രഫുല്‍ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്.

 പരാമർശം വിവാദമായപ്പോൾ താൻ സമൂഹമാദ്ധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നുവെന്നും ഐഷ തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Treason case against Aisha Sultana: High Court seeks reply from police

admin:
Related Post