പുതുനിരയുമായി രണ്ടാമൂഴം: മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേൽക്കാൻ പോകുന്ന ഇടതുപക്ഷമുന്നണിയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. ആഭ്യന്തരം, വിജിലൻസ്, ഐടി വകുപ്പുകൾ മുഖ്യമന്ത്രി പിണറായി തന്നെ കൈകാര്യം ചെയ്യും. എം വി ഗോവിന്ദൻ തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്യും. കെ രാധാകൃഷ്ണന് ദേവസ്വം, പാർലമെന്ററികാര്യ വകുപ്പുകളും കെ എൻ ബാലഗോപാലിന് ധനകാര്യവകുപ്പുമായിരിക്കും ലഭിക്കുക. വ്യവസായം-നിയമ വകുപ്പുകൾ പി രാജീവും ആരോഗ്യവകുപ്പ് വീണാ ജോർജും കൈകാര്യം ചെയ്യും.
പൊതുവിദ്യാഭ്യാസം-തൊഴിൽവകുപ്പുകൾ വി ശിവൻകുട്ടിയും, പൊതുമരാമത്ത്-ടൂറിസം വകുപ്പുകൾ പി എ മുഹമ്മദ് റിയാസും, സഹകരണം- രജിസ്ട്രേഷൻ വകുപ്പുകൾ വി എൻ വാസവനും,  ഫിഷറീസ്- സാംസ്‌കാരിക വകുപ്പുകൾ സജി ചെറിയാനുമാകും വഹിക്കുക. ഉന്നതവിദ്യാഭ്യാസ മന്ത്രിയാകുന്നത് പ്രൊഫ.ആർ ബിന്ദു ആണ്.
റവന്യുമന്ത്രിയായി കെ രാജൻ വരുമ്പോൾ കൃഷിവകുപ്പ് പി പ്രസാദും, ഭക്ഷ്യവകുപ്പ് ജി ആർ അനിലും, മൃഗസംരക്ഷണം-ക്ഷീരവീകസനം വകുപ്പ് ജെ ചിഞ്ചുറാണിയും കൈകാര്യം ചെയ്യും. എ കെ ശശീന്ദ്രൻ വനംവകുപ്പ് മന്ത്രിയാകും. വൈദ്യുതി വകുപ്പ് കെ കൃഷ്ണൻകുട്ടിയും ജലവിഭവം റോഷി അഗസ്റ്റിനും കൈകാര്യം ചെയ്യും.
ഗതാഗതവകുപ്പ്: ആന്റണി രാജു, തുറമുഖം-പുരാവസ്തു-മ്യൂസിയം: അഹമ്മദ് ദേവർകോവിൽ, ന്യൂനപക്ഷക്ഷേമവും പ്രവാസികാര്യവും: വി അബ്ദുറഹ്‌മാൻ -ഇങ്ങനെയാണ് മറ്റുവകുപ്പുകളിലെ ധാരണ.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. എല്ലാ ഒരുക്കവും പൂർത്തിയായി. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് പകൽ മൂന്നരയ്ക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രി ഗവർണറെ കണ്ട് മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചുള്ള പട്ടിക നൽകും. ഗവർണരുടെ അംഗീകാരത്തോടെ പട്ടിക വിജ്ഞാപനം ചെയ്യും.

English Summery : Second round with new line: Ministries reached an agreement

admin:
Related Post