പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃക്കരിപ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നടന്‍ മനോജ് കെ.ജയന്‍ മകനാണ്. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സം​ഗീതാസ്വാദകരുടെ മനംകവർന്ന സം​ഗീതപ്രതിഭയായിരുന്നു അദ്ദേഹം.

പതിനാറാം വയസില്‍ സംഗീത പഠനം ആരംഭിച്ചു.രാമൻ ഭാഗവതരും മാവേലിക്കര രാധാകൃഷ്ണ അയ്യരുമായിരുന്നു ആദ്യകാല ഗുരുക്കന്മാർ.പിന്നീട് സ്വാതി തിരുന്നാൾ മ്യൂസ്സിക് അക്കാദമിയിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ ഗാനഭൂഷണം പരീക്ഷ പാസായി. സംഗീതം ജീവിതവും ജീവിതം നാദാർച്ചനയുമാക്കി മാറ്റിയ സംഗീതജ്ഞനാണ് ജയവിജയന്മാർ. ഭക്തിയും സംഗീതവും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സംഗീത രംഗത്തെ അപൂർവ ഇരട്ടകളാണ് ജയ വിജയന്മാർ. ആയിരക്കണക്കിന് അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജനപ്രിയനായി മാറിയ ജയൻ മലയാളികളുടെ പ്രിയഗായകനാണ്.

1964 മുതൽ 10 വർഷത്തോളം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലാണ് കർണാടക സംഗീതം അഭ്യസിച്ചത്.വൈക്കം മഹാദേവ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കാൻ ഡോ.ബാലമുരളീകൃഷ്ണ എത്തിയപ്പോൾ അദ്ദേഹത്തെ പോയി കണ്ടു. പിന്നീട് 6 വർഷത്തോളം അദ്ദേഹത്തോടൊപ്പം സംഗീതം അഭ്യസിച്ചു. ജയനെയും വിജയനെയും “ ജയ വിജയ “ ആക്കി മാറ്റിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു.ജോസ് പ്രകാശ് അഭിനയിച്ച “പ്രിയ പുത്രൻ “ എന്ന നാടകത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജയവിജയന്മാരായിരുന്നു. നൂറുകണക്കിനു ഭക്തിഗാന ആൽബങ്ങളിൽ പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.

ഏകദേശം മുപ്പതോളം സിനിമകൾക്ക് സംഗീതം നൽകി 1968 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചിത്രത്തിലൂടെയാണു സിനിമാരംഗത്തെത്തിയത്. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. ജയ വിജയന്മാർ സംഗീതം നൽകിയ ഭക്തിഗാനം ആദ്യമായി പാടിയത് പി ലീലയാണ്.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്‌ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്.

എച്ച് എം വി റെക്കോഡിംഗ് സ്റ്റുഡിയോ ജനറൽ മാനേജർ തങ്കയ്യയുടെ നിർദ്ദേശപ്രകാരമാണ് ഭക്തിഗാനങ്ങൾ ജയവിജയന്മാർ തന്നെ പാടിത്തുടങ്ങിയത്.ഇതിനു ശേഷം ഇരുവരും ചേർന്നു പാടിയ ശ്രീകോവിൽ നട തുറന്നൂ എന്ന ഗാനവും ഏറെ പ്രശസ്തമായി.പിന്നീട് തുടരെ തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. വിജയന്‍റെ മരണ ശേഷം എസ് രമേശൻ നായർ എഴുതി ജയൻ സംഗീതം നൽകിയ മയില്‍പ്പീലിയിലെ 9 ഭക്തിഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.1968 ൽ ഭൂമിയിലെ മാലാഖ മുതൽ മുപ്പതോളം മലയാളം തമിഴ് സിനിമകൾക്കും ജയന്‍ സംഗീതം നൽകി.

ജയനും വിജയനും ചേർന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച് “ ചെമ്പൈ- സംഗീതവും ജീവിതവും “എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സംഗീത നാടക അക്കാഡമി അവാർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ “ കലാരത്നം “ ഭക്തിസംഗീത സമ്രാട്ട്,തത്ത്വമസി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

admin:
Related Post