വാളയാർ കേസിൽ പുനർവിചാരണ നടപടികൾ ഇന്നുമുതൽ

വാളയാർ: വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ പീഡനത്തിനിരയായി ദൂരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പുനർവിചാരണ നടപടിക്രമങ്ങൾക്ക് പാലക്കാട് പോക്സോ കോടതിയിൽ ഇന്ന് തുടക്കം.

സർക്കാർ നൽകിയ ഹർജിയിൽ വിചാരണ കോടതി വിധി റദ്ദാക്കി പുനർവിചാരണയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു.  പ്രതികളോട് ജനുവരി 20ന് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നു. 

സംസ്ഥാന സർക്കാരും പെൺകുട്ടികളുടെ അമ്മയും പ്രതികളെ വിചാരണ കോടതി വെറുതെ വിട്ട വിധിക്കെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് ജനുവരി 6ന് ഹൈക്കോടതി വിചാരണ കോടതി വിധി റദ്ദാക്കി പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്.പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരാകേണ്ടത്.കേസിൽ പ്രതിയായിരുന്ന മൂന്നാം പ്രതി പ്രദീപ്കുമാർ ഹൈക്കോടതിയിലെ വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു.

പെൺകുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരം കേസ് ക്രൈംബ്രാഞ്ചിന് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
2017 ജനുവരി മൂന്നിന് 13 വയസ്സുള്ള പെൺകുട്ടിയെയും 54 ദിവസങ്ങൾക്ക് ശേഷം മാർച്ച് നാലിന് 9 വയസ്സുകാരിയായ സഹോദരിയെയും തൂങ്ങി മരിച്ച നിലയിൽ വാളയാറിലെ ഒറ്റമുറി വീട്ടിൽ കണ്ടെത്തുകയായിരുന്നു.

പെൺകുട്ടികൾ പീഢനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും പ്രതികളെ മതിയായ തെളിവില്ലെന്ന കാരണത്താൽ പാലക്കാട് പോക്സോ കോടതി 2019 ഒക്ടോബർ 25ന് വെറുതെ വിടുകയായിരുന്നു.

English Summary : Re-trial proceedings in Walayar case from today

admin:
Related Post