സ്വവര്‍ഗ ബന്ധത്തിന്‌ നിയമപരിരക്ഷ നല്‍കണമെന്നു മാര്‍പാപ്പ

റോം: സ്വവര്‍ഗബന്ധത്തിനു നിയമ പരിരക്ഷ നല്‍കണമെന്ന വിപ്ലവകരമായ നിലപാടുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ.സ്വവര്‍ഗബന്ധം അധാര്‍മികമാണെന്ന കത്തോലിക്കാസഭയുടെ നിലപാട്‌ തിരുത്തുന്നതാണു മാര്‍പാപ്പയുടെ വാക്കുകള്‍. “സ്വവര്‍ഗാനുരാഗികള്‍ക്ക്‌ കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ട്‌. അവര്‍ െദെവത്തിന്റെ മക്കളാണ്‌. അവരെ കുടുംബത്തില്‍നിന്നു പുറത്താക്കരുത്‌. സ്വവര്‍ഗാനുരാഗികളെന്ന പേരില്‍ അവരുടെ ജീവിതം ദുരിതമയമാക്കുകയും അരുത്‌”- അദ്ദേഹം പറഞ്ഞു.റോം ചലച്ചിത്രമേളയില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച “ഫ്രാന്‍സെസ്‌കോ” എന്ന ഡോക്യുമെന്ററിയിലുള്ള അഭിമുഖത്തിലാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിലപാട്‌ അറിയിച്ചത്‌. “സ്വവര്‍ഗാനുരാഗികള്‍ക്ക്‌ നിയമ പരിരക്ഷ നല്‍കണം. ഈ നിലപാട്‌ ഞാന്‍ നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതാണ്‌. സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തിരുന്നെങ്കിലും അവര്‍ക്കു നിയമപരിരക്ഷ നല്‍കുന്നതിനെ ബ്യൂണസ്‌ അയേഴ്‌സ്‌ ആര്‍ച്ച്‌ബിഷപ്പായിരുന്ന കാലത്തു തന്നെ അനുകൂലിച്ചിരുന്നു.” – അദ്ദേഹം പറഞ്ഞു.സ്വവര്‍ഗ വിവാഹം നരവര്‍ഗശാസ്‌ത്രപ്രകാരമുള്ള അധഃപതനമാണെന്നായിരുന്നു 2013-ല്‍ മാര്‍പാപ്പയുടെ നിലപാട്‌. കുട്ടികളുടെ വ്യക്‌തിത്വവികസനത്തിനു പുരുഷനായ അച്‌ഛനും സ്‌ത്രീയായ അമ്മയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അടുത്ത വര്‍ഷം മാര്‍പാപ്പ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചതായി വാര്‍ത്ത വന്നെങ്കിലും വത്തിക്കാന്‍ നിഷേധിച്ചിരുന്നു. െവെദികര്‍ക്കിടയിലുള്ള സ്വവര്‍ഗാനുരാഗം ഗൗരവമുള്ള വിഷയമാണെന്ന്‌ 2018-ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണു ഫ്രാന്‍സെസ്‌കോ. ഇടവകാംഗങ്ങള്‍ക്കൂടിയായ സ്വവര്‍ഗാനുരാഗികളായ രണ്ട്‌ പുരുഷന്മാര്‍ ചേര്‍ന്ന്‌ കുട്ടികളെ വളര്‍ത്തുന്നതിനെ മാര്‍പാപ്പ അഭിനന്ദിക്കുന്ന രംഗം ഡോക്യുമെന്ററിയിലുണ്ട്‌

admin:
Related Post