കൂടുതല്‍ നേരം നിര്‍ത്തും മെട്രോ 7 മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഒന്നിലധികം ലൈനുകളുള്ള വലിയ മെട്രോ സേവനങ്ങള്‍ ഓരോ ലൈനുകളായി ഘട്ടംഘട്ടമായി മാത്രമേ സേവനം തുടങ്ങാവൂ. സെപ്റ്റംബര്‍ 12 ആകുമ്പോഴേക്ക് എല്ലാ ലൈനുകളും പ്രവര്‍ത്തനസജ്ജമാകുന്ന തരത്തിലാകണം സേവനങ്ങള്‍ സജ്ജീകരിക്കേണ്ടത് എന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

കണ്ടെയിന്‍മെന്റ്് സോണുകളിലുള്ള മെട്രോ സ്റ്റേഷനുകള്‍ അടഞ്ഞുകിടക്കും. അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗരേഖ.
 സ്റ്റേഷനില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്ന തരത്തില്‍ സര്‍വീസ് സമയം തീരുമാനിക്കണം. സ്റ്റേഷനുകളില്‍ സജ്ജീകരണവും ഒരുക്കണം. സമൂഹ അകലം പാലിച്ച് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കൂടുതല്‍ സമയം മെട്രോ സ്റ്റേഷനില്‍ നിര്‍ത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.

സമൂഹ അകലം ഉറപ്പാക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ പ്രത്യേക ഇടങ്ങള്‍ ഒരുക്കണം. അവ കൃത്യമായി അടയാളപ്പെടുത്തണം. മാസ്‌ക് നിര്‍ബന്ധമാണ്. പുറത്ത് മാസ്‌കുകള്‍ വിതരണം ചെയ്യണമെങ്കില്‍ അതിന് മെട്രോ റയില്‍ കോര്‍പ്പറേഷന്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം.
രോഗലക്ഷണങ്ങളുള്ള ആളുകളെ ഒരു കാരണവശാലും സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കരുത്.

സ്റ്റേഷനുകളുടെ പുറത്ത് സാനിറ്റൈസറുകള്‍ വയ്ക്കണം. ടിക്കറ്റെടുക്കാന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കണമെന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം. ടോക്കണെടുക്കുകയാണെങ്കില്‍ സാനിറ്റൈസ് ചെയ്ത ശേഷം മാത്രമേ പാടുള്ളൂ.

English Summary : Metro service will start in the country from September 7

admin:
Related Post