കിറ്റെക്സ് ആദ്യഘട്ടത്തില്‍ 1000 കോടി തെലങ്കാനയില്‍ നിക്ഷേപിക്കും

ഹൈദരാബാദ്: കിറ്റെക്സ് കആദ്യഘട്ടത്തില്‍ 1000 കോടി രൂപ  തെലങ്കാനയില്‍ നിക്ഷേപിക്കും.തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വാറംഗലിലെ കകാതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പാര്‍ക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലങ്കാനയില്‍ 4000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കിറ്റെക്‌സ് എം ഡി സാബു ജേക്കബ് അറിയിച്ചു.

കുട്ടികള്‍ക്കുള്ള തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റക്‌സിനെ തെലങ്കാനയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാന്‍ വാറംഗലിലെ കാകതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് അവര്‍ തെരഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നവെന്ന്  കെ ടി രാമറാവു ട്വീറ്റ് ചെയ്തു.

തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഇന്നലെ ഹൈദരാബാദിലെത്തിയത്. മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. സംഘം ഇന്ന് മടങ്ങും. കിറ്റെക്സ് സംഘത്തിനായി തെലങ്കാന സര്‍ക്കാര്‍ പ്രത്യേക വിമാനമയച്ചിരുന്നു.കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്സിന് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളും കിറ്റെക്സിനെ ക്ഷണിച്ചിരുന്നു.

English Summary: Kitex will invest Rs 1,000 crore in Telangana in the first phase

admin:
Related Post