ചരിത്രം കുറിച്ച് കമല; അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന നേട്ടമാണ് കമല കൈവരിച്ചിരിക്കുന്നത്. ഈ ഉന്നത പദവിയിലെത്തിയിരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ കൂടിയാണ് കമല.

അമ്മ വഴിയാണ് കമലയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. 1964 ഒക്ടോബർ 20ന് കാലിഫോർണിയയിലെ ഓക്ക്ലൻഡിലാണ് കമല ജനിച്ചത്. ചെന്നൈക്കാരിയും സ്തനാർബുദ സ്പെഷലിസ്റ്റുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരൻ സ്റ്റാൻഫഡ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധൻ ഡൊണാൾഡ് ഹാരിസിന്റെയും മകളായാണ് ജനനം.

വാഷിങ്ടണിലെ ഹോവാർഡ് സർവകലാശാലയിലും കാലിഫോർണിയ സർവകലാശാലയിലെ ഹേസ്റ്റിങ്സ് ലോ കോളേജിലുമായി പഠനം പൂർത്തിയാക്കിയ കമല, കാലിഫോർണിയയിലെ അലമേഡ കൗണ്ടിയിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായാണ് കരിയറിന് തുടക്കമിട്ടത്. പിന്നീട് സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിലെ കരിയർ ക്രിമിനൽ യൂണിറ്റിൽ മാനേജ്മെന്റ് അറ്റോർണിയായി ചുമതലയേറ്റു.

ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാമുഖങ്ങളിൽ ശ്രദ്ധേയയായിരുന്നു കമല. ഡഗ്ലസ് എംഹോഫാണ് കമലയുടെ ഭർത്താവ്. അഭിഭാഷക എന്നനിലയിൽ തിളങ്ങിയ കമലാ ഹാരിസ് വധശിക്ഷ, സ്വവർഗവിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ ശ്രദ്ധേയയായി. യു.എസിൽ കറുത്ത വർഗക്കാർക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ പോലീസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു.

തിരഞ്ഞെടുപ്പിൽ എതിരാളി മൈക് പെൻസുമായുള്ള സംവാദത്തിലടക്കം തിളങ്ങിയ ഹാരിസ് ബൈഡന്റെ വിജയത്തിന് നിർണായക പങ്കുവഹിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴും ബൈഡനെക്കാളേറെ കമലാ ഹാരിസിനെ രൂക്ഷമായി വിമർശിക്കുകയുംചെയ്തു. ബൈഡൻ പ്രസിഡന്റായാൽ ഭരിക്കുക കമലാ ഹാരിസാകുമെന്ന് ട്രംപ് പ്രസ്താവന വരെ നടത്തുകയും ചെയ്തിരുന്നു.വൈസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്താനുള്ള സാധ്യത കൂടിയാണ് കമല സ്വന്തമാക്കിയിരിക്കുന്നത്. വിജയം നേടിയ ബൈഡനെ ഫോണിൽ അഭിനന്ദിക്കുന്ന വീഡിയോ കമല ട്വിറ്ററിൽ പങ്കുവെച്ചിട്ടുമുണ്ട്.

English : Kamala about history; She is the first woman Vice President of the United States

admin:
Related Post