അന്തര്‍ജില്ലാ സര്‍വീസുകള്‍ നാളെ മുതല്‍ ചാര്‍ജ്ജ് വര്‍ദ്ധനവില്ല

എല്ലാ സീറ്റുകളിലും ആളെ ഇരുത്തും, മാസ്‌ക് നിര്‍ബ്ബന്ധം, വയോധികര്‍ക്കും കുട്ടികള്‍ക്കും യാത്രാനുമതിയില്ല, സ്വകാര്യബസുടമകള്‍ പ്രതിഷേധത്തില്‍.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി നാളെ മുതല്‍ അയല്‍ജില്ലകളിലേക്ക് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. 1037 ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ അന്തര്‍ജില്ലാ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തും. രാവിലെ അഞ്ചുമുതല്‍ വൈകിട്ട് ഒമ്പതുവരെയാകും സര്‍വ്വീസ്. സീറ്റുകളില്‍ മുഴുവന്‍ യാത്രക്കാരെയും അനുവദിക്കുമെങ്കിലും നിന്ന് യാത്രയ്ക്ക് അനുമതിയില്ല. ലോക്ക്ഡൗണില്‍ വര്‍ദ്ധിപ്പിച്ച നിരക്ക് ഇല്ലാതായി. ഈ സാഹചര്യത്തില്‍ നഷ്ടമില്ലാതെ സര്‍വ്വീസ് നടത്തുന്നതു ദുഷ്‌കരമാണെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ ബസുടമകള്‍ കടുത്ത അതൃപ്തി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പഴയ ടിക്കറ്റ് നിരക്കില്‍ സര്‍വ്വീസ് നടത്താനാകില്ലെന്ന നിലപാടില്‍ മിക്ക ബസുകളും സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ചില റൂട്ടുകളില്‍ രാവിലെ ഓടിത്തുടങ്ങിയ ബസുകള്‍ യാത്രക്കാരില്ലാത്തതിനാല്‍ സര്‍വ്വീസ് നിര്‍ത്തി. കോവിഡ് കാലത്തെ നിരക്കില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. എന്നാല്‍ റോഡ് ടാക്‌സില്‍ മൂന്നുമാസം ഇളവ് നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

നിലവിലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്ത രണ്ടു ജില്ലകളെ ബന്ധിപ്പിച്ചുള്ള എല്ലാ സര്‍വ്വീസുകളും ഉണ്ടായിരിക്കും. എല്ലാ യാത്രക്കാരും നിര്‍ബ്ബന്ധമായും മാസ്‌ക് ശരിയായ വിധത്തില്‍ ധരിച്ചിരിക്കണം. മാസ്‌ക് ധരിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ യാത്ര നിരോധിച്ചിരിക്കുന്ന 10 വയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള വയോധികരും യാത്ര ചെയ്യാന്‍ പാടില്ല. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്യണം. എന്തെങ്കിലും  രോഗമുള്ളവര്‍ യാത്രയ്ക്ക് ബസ് ഉപയോഗിക്കാന്‍ പാടില്ല.

English Summary : Intercity services from tomorrow There is no charge increase

admin:
Related Post