ശ്രീജിത്ത് വിജയൻ കേസ്: വാർത്ത വിലക്കിയ സബ്കോടതി നടപടിയ്ക്കെതിരെ ഹൈക്കോടതി സ്റ്റേ

കൊച്ചി: കരുനാഗപ്പള്ളി കോടതി ചവറ എംഎൽഎ എൻ. വിജ‍യൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരായ വാർത്തകൾ നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്ക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസ് കമാൽ പാഷ വിലക്ക് സ്റ്റേ ചെയ്തത്. കീഴ്ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത്  മലയാള മനോരമ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഹൈക്കോടതിയുടെ ഈ വിധിയോടെ ശ്രീജിത്തിനെതിരായ വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങൾക്കോ വാർത്താസമ്മേളനം നടത്തുന്നതിന് മറ്റുകക്ഷികൾക്കോ മുന്നിലുള്ള തടസങ്ങൾ നീങ്ങി.

ശ്രീജിത്തിനെതിരായ വാർത്തകൾക്ക് വിലക്കേർപ്പെടുത്തിയതോടെ, ബിനോയ് കോടിയേരിയുടെ പണതട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിടാനിരുന്ന യുഎഇ പൗരൻ, വാർത്താസമ്മേളനം റദ്ദാക്കുകയും മടങ്ങിപ്പോവുകയും ചെയ്തിരുന്നു. വാർത്തകൾ വിലക്കിയ കരുനാഗപ്പള്ളി കോടതിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണു കരുനാഗപ്പള്ളി സബ്കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് പ്രസ് ക്ലബിനുമുൻപിൽ പതിക്കുകയും ചെയ്തിരുന്നു.

admin:
Related Post