ദീപാവലി: സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി അഗ്‌നിശമനസേന

ദീപാവലി തിളക്കത്തില്‍ പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൈപൊള്ളാതിരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിശമനസേന. ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമായാണ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് അപകടങ്ങള്‍ ഇല്ലാതാക്കണമെന്ന് ജില്ലാ അഗ്‌നിശമനസേനാ വിഭാഗം മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു.
പടക്കങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
* പടക്കങ്ങളുടെ കവറുകളില്‍ എഴുതിയിരിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
* തുറസായ സ്ഥലങ്ങളില്‍ മാത്രം ഉപയോഗിക്കുക.
* പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം ബക്കറ്റും വെള്ളവും മണലും കരുതുക.
* കൈ നീട്ടിപിടിച്ച് അകലേക്കാക്കി മാത്രം പടക്കങ്ങള്‍ കൈകാര്യം ചെയ്യുക.
* സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കുക.
* ഇറുകിയ കോട്ടണ്‍ തുണികള്‍ ധരിക്കുക.
* നിലവാരമുള്ള പടക്കങ്ങള്‍ ഉപയോഗിക്കുക.
* ഓല ഷെഡുകള്‍, വൈക്കോല്‍ എന്നിവയ്ക്കു സമീപം ഉപയോഗിക്കരുത്.
* ഉപയോഗിച്ചുകഴിഞ്ഞവ ഉടന്‍ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിര്‍വീര്യമാക്കുക.
* പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക.
* മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം കുട്ടികളെ പടക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുക.
* ഒരിക്കല്‍ ഉപയോഗിച്ചിട്ട് പൊട്ടാത്തവ വീണ്ടും ഉപയോഗിക്കരുത്.
* കത്തിച്ചുവെച്ച വിളക്കുകളോ ചന്ദനത്തിരികളോ പടക്കങ്ങളുടെ സമീപം വെയ്ക്കരുത്.
* കെട്ടിടങ്ങളോട് ചേര്‍ന്ന് ഇവ പൊട്ടിക്കരുത്.
* വീടിനുള്ളില്‍ തുറന്നുവെച്ച് പ്രദര്‍ശിപ്പിക്കരുത്.
* കുട്ടികളെ പരമാവധി അകലേക്ക് മാറ്റി നിര്‍ത്തുക.
* പടക്കങ്ങള്‍ കത്തിച്ച് പുറത്തേക്ക് എറിഞ്ഞ് കളിക്കരുത്.
* അടച്ചുവെച്ച കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഉപയോഗിക്കരുത്.
* പറക്കുന്ന രീതിയിലുള്ള പടക്കങ്ങള്‍ ഇടുങ്ങിയ സ്ഥലത്ത് വെച്ച് പൊട്ടിക്കരുത്.
* ഫ് ളവര്‍പോട്ട്, ആറ്റംബോംബ്, ലേഡീസ് ഇന്‍ ഹാന്‍ഡ് തുടങ്ങിയ പടക്കങ്ങള്‍ കൈയില്‍ വെച്ച് ഉപയോഗിക്കരുത്.
* പടക്കങ്ങള്‍ ഉപയോഗിച്ച് പൊള്ളലുണ്ടവുന്ന ഭാഗത്ത് 10 മിനിറ്റോളം ധാരാളം തണുത്ത വെള്ളം ഒഴിക്കുക.
പടക്കങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍
* നിയമപ്രകാരമുള്ള ലൈസന്‍സ് ഇല്ലാത്ത കടകളിലോ പൊതുസ്ഥലങ്ങളിലോ     പടക്കങ്ങള്‍ വില്‍ക്കാന്‍ പാടില്ല.
* റോഡുകള്‍, സ്ട്രീറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വില്‍ക്കരുത്.
* പടക്കങ്ങളിലെ പ്രിന്റിങ്, മാര്‍ക്കിങ് എന്നിവ തിരുത്തരുത്.
* കാലപ്പഴക്കമുള്ളതോ കേടായതോ ആയ പടക്കങ്ങള്‍ വില്‍ക്കരുത്.
* ഒറിജിനല്‍ പാക്കേജുകളില്‍ മാത്രം വില്‍ക്കുക.
ഒറിജിനല്‍ പാക്കേജിന്റെ അളവിനേക്കാള്‍ കുറഞ്ഞ അളവിലാണെങ്കില്‍ സുരക്ഷിതമായി പാക്ക് ചെയ്യുകയും താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും എഴുതി വെയ്ക്കുകയും ചെയ്യണം
1. എക്‌സ്‌പ്ലോസീവിന്റെ പേര്
2. ക്ലാസ് ഡിവിഷന്‍
3. അളവ്
4. പാക്ക് ചെയ്ത സ്ഥാപനത്തിന്റെ ലൈസന്‍സ് നമ്പര്‍
5. പാക്ക് ചെയ്ത ആളിന്റെ പേര്
6. പാക്ക് ചെയ്ത തിയ്യതി
7. കണ്‍സൈനിയുടെ പേര്