സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എട്ട് പേര്‍ രോഗമുക്തരായി. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
 കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ആകെ 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 80 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 31,183 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 30,358 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാഗ്രൂപ്പുകളിലെ 2,093 സാമ്പിളുകളില്‍ 1,234 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് ആകെ 80 ഹോട്ട്സ്പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു മാസത്തിലധികമായി വയനാട്ടില്‍ കോവിഡ്-19 കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ഗ്രീന്‍ സോണില്‍നിന്ന് ഓറഞ്ച് സോണിലേക്ക് മാറും. ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 38പേരാണ് കണ്ണൂരില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോടു സ്വദേശികളാണ്. ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് ആളുകള്‍ക്ക് സംശയമുണ്ടാകാതിരിക്കാന്‍ പ്രത്യേക വെബ്സൈറ്റ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

admin:
Related Post