ലോക്ക് ഡൗണില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്‍മാരുടെ യാത്ര വീണ്ടുംമുടങ്ങി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ സംഘത്തിന്റെ യാത്ര വീണ്ടുംമുടങ്ങി. 164 പേരടങ്ങുന്ന സംഘത്തിന്റെ യാത്രയാണ് മുടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പോകാനിരുന്നതായിരുന്നു സംഘം. എന്നാല്‍ റഷ്യയില്‍ നിന്ന് വിമാനം എത്താത്തതിനാലാണ് യാത്ര മുടങ്ങിയത്. സമാന അവസ്ഥയില്‍ നേരത്തെയും ഇവരുടെ യാത്ര മുടങ്ങിയിരുന്നു.

നിരീക്ഷണ കാലാവധി കഴിഞ്ഞ് രോഗബാധയില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. റഷ്യയില്‍ നിന്നെത്തുന്ന പ്രത്യേക വിമാനത്തിലാണ് ഇവരെ തിരിച്ചയക്കുകയെന്നായിരുന്നു വിവരം. എന്നാല്‍ വിമാനം എത്താത്തതിനെ തുടര്‍ന്ന് ഇവരുടെ യാത്ര വീണ്ടും മുടങ്ങുകയായിരുന്നു.

അതേസമയം ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകും. ഏപ്രില്‍ 15 മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താനുള്ള തീരുമാനം ഫ്ളൈ ദുബായി മരവിപ്പിച്ചു. ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട് നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സര്‍വ്വീസ് നടത്താനുള്ള തീരുമാനം ഫ്ളൈ ദുബായ് പിന്നീട് മരവിപ്പിക്കുകയായിരുന്നു.

admin:
Related Post