സിനിമാ മേഖലയ്ക്ക് ഇളവുകള്‍; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ച് താരങ്ങള്‍

കൊച്ചി:വിനോദ നികുതിയിലടക്കം ഇളവുകള്‍ പ്രഖ്യാപിച്ച് സിനിമാ മേഖലയ്ക്ക് ആശ്വാസം പകര്‍ന്ന നടപടിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ച് താരങ്ങള്‍. 2021 ജനുവരി മുതല്‍ മാര്‍്ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

‘മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങള്‍’ എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. പിന്നാലെ നിരവധി താരങ്ങളും സിനിമാ പ്രവര്‍ത്തകരും സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. പൃഥ്വിരാജ്, റിമാ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ദിലീപ് തുടങ്ങിയവരാണ് പുതിയ ഉണര്‍വ്വ് നല്‍കുന്ന തീരുമാനത്തിന് നന്ദി അറിയിച്ചത്.

തിയറ്ററുകള് അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന് അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള് തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‌സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

English Summary : Concessions to the film sector; The actors thanked the Chief Minister and the government