ഇരച്ചെത്തിയത് ഭീമൻതിര; 15 വീടുകൾ നിലംപ്പൊത്തി, കള്ളക്കടലിൽ കണ്ണീരിലായി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിൽ തിരുവനന്തപുരം ജില്ലയിലെ വലിയതുറ, കോവളം, വിഴിഞ്ഞം തീരപ്രദേശങ്ങളിലായി തകർന്നത് 15ലധികം ഭവനങ്ങൾ. നാല് ദിവസത്തെ മുന്നറിയിപ്പിൽ ഭയന്ന് വീട് വിട്ട് ഓടാനൊരുങ്ങുകയാണ് തീരദേശ ജനത. കഴിഞ്ഞ ദിവസത്തെ ഭീമമായ കടൽകയറ്റത്തിന്റെ നടുക്കുന്ന ഓർമകളാണ് മത്സ്യത്തൊഴിലാളികൾ കേരള 9 നോട് പങ്കുവച്ചത്. ഇരച്ചെത്തിയ തിരമാലകൾ ആദ്യം വീടുകൾ തകർത്തു. ഇറങ്ങി ഓടിയ പല കുടുംബങ്ങളും തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. മത്സ്യത്തൊഴിലാളി കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണിയാണ് പ്രതികരണം രേഖപ്പെടുത്തിയത്.

സർക്കാർ കൊണ്ടുവന്ന അശാസ്ത്രീയമായ തീരസുരക്ഷാ രീതികൾ മൂലമാണ് അടിക്കടി കടൽക്ഷോഭത്തിൽ വീടുതൾക്ക് നാശനഷ്ടം ഉണ്ടാകുന്നതെന്ന് തീരദേശ വാസികളുടെ പ്രതികരണം. ഇന്നലെ ഉച്ചയോടെയാണ് കടൽ ഉൾവലിയുകയും പിന്നീട് തീരത്തേക്ക് അതിഭാകരമായ തിര എത്തിയതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഭീമമായ തിരയിൽ വലിയ തുറ, പൊഴിയൂർ ഭാ​ഗത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 15ലധികം വീടുകൾ, ബീച്ചിലേക്കുള്ള റോഡ്, മത്സ്യഫെഡിന് കീഴിലുള്ള സ്ഥാപനങ്ങൾ, മിനിഹാർബറുകൾ ഉൾപ്പടെ ഭീമമായ തകർച്ചയാണ് പൊഴിയൂർ തീരം സാക്ഷ്യം വഹിച്ചിരിക്കുന്നത്. വീട് തകർന്നവരെ ജില്ലാ അധികൃതർ പൊഴിയൂർ സർക്കാർ സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ഇന്നലെ മുതൽ തുടരുന്ന ഭീമൻ തിരയിൽ തമിഴ്നാട്ടിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസം കൂടി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേസമയം കോവളം ബീച്ചിൽ സന്ദർശകരെ പൂർണമായും വിലക്കി. ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികളേയും വിദേശ സഞ്ചാരികളേയും ലൈഫ് ​ഗാർഡുമാർ പ്രത്യേക നിർദേശത്തോടെയാണ് ബീച്ചിൽ നിന്ന് മാറ്റിയത്.

admin:
Related Post