സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; ഇടുക്കിയിലും വയനാട്ടിലും റെഡ് അലർട്ട്

 സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട് നാളെ റെഡ് അലർട്ടായിരിക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

വയനാട് വൈത്തിരി താലൂക്കിൽ ഇതുവരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 60 വയസിന് മുകളിൽ ഉള്ളവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേകം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. പൊഴുതനയിൽ ക്വാറന്റീനിൽ കഴിയുന്ന 32 കുടുംബങ്ങളെ ലക്കിടിയിൽ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

പുത്തുമല, കള്ളാടി മേഖലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചാലിയാർ, ഇരുവഞ്ഞി പുഴകളിൽ വെള്ളം കൂടാൻ സാദ്ധ്യതയുണ്ട്.വയനാട് ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ മുന്നൂറ് മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കാനാണ് സാദ്ധ്യത. നൂൽപ്പുഴ, പനമരം മേഖലകളിൽ വെള്ളപ്പൊക്കെ ഭീഷണിയെ തുടർന്ന് 12 ക്യാമ്പുകൾ ആരംഭിച്ചു. മേഖലയിലെ 569 പേർ നിലവിൽ ക്യാമ്പുകളിലാണ്. കണ്ടെയ്മെന്റ് സോണിലുള്ളവരെ പ്രത്യേകം മുറികളിൽ ആക്കുമെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള അറിയിച്ചു.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി . രാത്രി ഏഴ് മണി മുതൽ പകൽ ഏഴ് വരെയുള്ള സമയം മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

English Summary : Chance of heavy rain in the state; Red alert in Idukki and Wayanad

admin:
Related Post