മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ

എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഐഎമ്മിന് 13 മന്ത്രിമാരുണ്ടായിരുന്നു.സിപിഐയ്ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് നൽകുക. കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രി, ചീഫ് വിപ്പ് എന്നിവ നൽകും. എൻസിപി, ജനതാദൾ എസ് പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. 

എൽജെഡിക്ക് മന്ത്രിയില്ല. സർക്കാർ രൂപികരിച്ചതിന് ശേഷം അർഹമായ പദവി നൽകാനാണ് തീരുമാനം.  സിപിഐഎമ്മിലെ മന്ത്രിമാരിൽ എല്ലാവരും പുതുമുഖങ്ങളാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആരോ​ഗ്യ മന്ത്രി കെ. കെ. ശൈലജയെ മാറ്റി നിർത്താൻ പാർട്ടി തയ്യാറായേക്കില്ല. കൊവിഡ്, നിപ്പ പ്രതിസന്ധികളിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ച വെച്ച ശൈലജയെ മാറ്റി നിർത്തുന്നത് ഈ സാഹചര്യത്തിൽ ​ഗുണകരമാവില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. ശൈലജ ഉൾപ്പെടെ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും പുതുമുഖങ്ങളാവും. കെ. ടി. ജലീലിനെ മാറ്റി നിർത്തിയാൽ വി. അബ്ദുറഹ്‌മാനെ പരിഗണിക്കാനിടയുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് വീണാ ജോർജ്ജിനെ പരിഗണിക്കുന്നുണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം. വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ. എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്നാണ് സിപിഐഎമ്മിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി. ശിവൻകുട്ടി, സജി ചെറിയാൻ, വി. എൻ. വാസവൻ, എം. ബി. രാജേഷ്, പി. നന്ദകുമാർ, സി. എച്ച്. കുഞ്ഞമ്പു എന്നിവർക്കും സാധ്യതയുണ്ട്. മുഹമ്മദ് റിയാസ്, എ. എൻ. ഷംസീർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും. യുവജന സംഘടനാ മികവ് ഇരുവർക്കും അനുകൂല ഘടകമാണ്      കേരള കോൺഗ്രസിന് വൈദ്യുതി വകുപ്പോ പൊതുമരാമത്ത് വകുപ്പോ നൽകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വനം എൻസിപിയ്ക്കും ഗതാഗത വകുപ്പ് കെ. ബി. ഗണേഷ് കുമാറിനും നൽകിയേക്കും.      ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിനു മുൻപായി ഘടകകക്ഷികളുമായി എത്രയും പെട്ടെന്ന് ധാരണയിലെത്താൻ സിപിഐഎം ശ്രമം നടത്തിവരികയാണ്.

English Summary: Cabinet formation talks are in the final stages

admin:
Related Post