ഇബോബി സിംഗിന്റെ വസതിയില്‍ നിന്ന് നിരോധിത നോട്ടുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ വസതിയില്‍  സിബിഐ നടത്തിയ പരിശോധനയില്‍ 26.49 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ കണ്ടെത്തി.  വികസന ഫണ്ടില്‍ നിന്ന് 332 കോടി ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ഇബോബി സിംഗിനും കൂട്ടാളികള്‍ക്കുമെതിരെ കേസ് എടുത്തിരുന്നു. ഇതെതുടര്‍ന്നാണ് മൂന്ന് നഗരങ്ങളിലായി ഒമ്പത് സ്ഥലത്ത് സിബിഐ പരിശോധന നടത്തിയത്. പരിശോധനയില്‍ ഇബോബി സിംഗിന്റെ വസതിയില്‍ നിന്ന് 11.47 കോടിയുടെ നോട്ടുകളും 26.49 ലക്ഷത്തിന്റെ നിരോധിത നോട്ടുകളും കണ്ടെത്തി. കണ്ടെടുത്ത നിരോധിത നോട്ടുകളുടെ അഞ്ചിരട്ടി പിഴയായി അടയ്ക്കണമെന്നും സിബി ഐ അധികൃതര്‍ പറഞ്ഞു.

ഐസ്വാള്‍, ഇംഫാല്‍, ഗുഡാഗാവ് എന്നിവിടങ്ങളിലെ മണിപ്പൂര്‍ വികസന അതോറിറ്റിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെയും വസതികളില്‍ പരിശോധന നടത്തി.
സിംഗിന്റെ വസതിയില്‍ നിന്ന് ചില നിരോധിത വസ്തുക്കളും ആഢംബര കാറുകളും കണ്ടെത്തി. 2009 ജൂണ്‍ 30 മുതല്‍ 2017 ജൂലായ് വരെ മണിപ്പൂര്‍ വികസന അതോറിറ്റിയുടെ ചെയര്‍മാനായിരുന്ന സിംഗ് മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി വികസനഫണ്ടായ 518 കോടിയില്‍ നിന്ന് 332 കോടി ദുരൂപയോഗം ചെയ്തതായി കണ്ടെത്തിയെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാരാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ ഐഎഎസ് ഓഫീസര്‍മാരായ ഡിഎസ് പൂനിയ, പിസി  ലോമുങ്ക, ഓ നബാകിഷോര്‍ സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

admin:
Related Post