തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ഇന്ന് ഭക്തജനങ്ങളുടെ പൊങ്കാല സമർപ്പണം. പൊങ്കാലയ്ക്കായി തിരുവനന്തപുത്ത് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേർന്നിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.45ന് ശുദ്ധപുണ്യാഹ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടുന്ന തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടിത്തീരുന്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നന്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകരും.
അതിനുശേഷം ദീപം സഹമേൽശാന്തിക്കു കൈമാറും. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും തീകത്തിക്കും. ഇതോടെ ഭക്തരുടെ പൊങ്കാലക്കലങ്ങളിലും തീപകരും.
ഉച്ചയ്ക്ക് 2.30ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ഈ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. പൊങ്കാല നിവേദിക്കുന്നതിന് 55 സഹപൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. പുലർച്ചെ മുതൽ ബാലികമാരുടെ നേർച്ചയായ താലപ്പൊലി ആരംഭിച്ചിട്ടുണ്ട്. രാത്രി 7.45ന് കുത്തിയോട്ടം ആരംഭിക്കമ്പോൾ ക്ഷേത്രാങ്കണത്തിൽ വ്രതമെടുത്തു കഴിയുന്ന ബാലന്മാർക്ക് ചൂരൽ കുത്താനാരംഭിക്കും. രാത്രി ഭഗവതിയുടെ തിടന്പുമായി പുറത്തേക്കെഴുന്നള്ളത്ത് ആരംഭിക്കും.
രാത്രി ഒന്പതിന് കാപ്പഴിക്കും. രാത്രി 12.30ന് കുരുതിയോടെ ആറ്റുകാലമ്മയുടെ തിരുസന്നിധിയിൽ ഉത്സവത്തിന് സമാപനമാകും.

