ആടുജീവിതം സിനിമാ സംഘാംഗത്തിന് കൊവിഡ്

മലപ്പുറം: കൊവിഡിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘാംഗത്തിന് കൊവിഡ്. ജോര്‍ദ്ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പം പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ആടുജീവിതം സിനിമാ സംഘത്തിനൊപ്പം ട്രാന്‍സ്ലേറ്ററായാണ് പ്രവര്‍ത്തിച്ചത്. മാര്‍ച്ച് 17 നാണ് ഇദ്ദേഹം അമ്മാനിലെത്തിയത്. ഈ ദിവസം മുതല്‍ അമ്മാന്‍ വിമാനത്താവളം കൊവിഡിനെ തുടര്‍ന്ന് അടച്ചു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ ഇദ്ദേഹം കൊവിഡില്ലെന്ന് വ്യക്തമായതോടെ സിനിമാ സംഘത്തോടൊപ്പം ചേരുകയായിരുന്നു,

പൃഥ്വിരാജ് ഉള്‍പ്പെടെ 58 അംഗ സംഘമായിരുന്നു ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനില്‍ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികള്‍ മറികടന്ന് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലി വഴിയാണ് സംഘം നാട്ടിലെത്തിയത്.

പൃഥ്വിരാജിന്റെ  കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു.

English summary :  A member of ‘Aadujeevitham‘ crew tested positive for corona virus

admin:
Related Post