നൊവാക് ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്

നൊവാക് ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്
ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്. ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നു താരങ്ങള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന് രോഗം സ്ഥിരീകരിച്ചത്. ജോക്കോവിച്ചിന്റെ ഭാര്യ ജെലീനയുടെ പരിശോധനാഫലവും പോസിറ്റീവാണ്.

‘ക്രൊയേഷ്യയിലെ സദറിലെ ചാരിറ്റി മത്സരത്തില്‍ പങ്കെടുത്ത ശേഷം ബെല്‍ഗ്രേഡിലെത്തിയ ഉടനെത്തന്നെ ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. എന്റേയും ജെലീനയുടേയും ഫലം പോസിറ്റീവാണ്. മക്കളുടേത് നെഗറ്റീവാണ്. ചാരിറ്റി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് നല്ല ഉദ്ദേശത്തോടെയാണ്. അത് ഇങ്ങനെ ആയിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല.’ സെര്‍ബിയന്‍ താരം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌ക്കി എന്നിവര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റദ്ദാക്കിയിരുന്നു.

സെര്‍ബിയയിലെ സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്‌സിലും ക്രൊയേഷ്യയിലെ സദറിലുമായി നടന്ന ടൂര്‍ണമെന്റില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

സാമൂഹിക അകലം പാലിക്കാതെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിനെ തുടര്‍ന്ന് വിമര്‍ശനവുമുയര്‍ന്നിരുന്നു. ജോക്കോവിച്ചിന് പുറമെ പ്രമുഖ താരങ്ങളായ ഡൊമിനിക് തീം, അലക്‌സാണ്ടര്‍ സ്വരേവ് എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.

admin:
Related Post