ചരിത്രം ആവർത്തിക്കാൻ വീണ്ടും പൊന്നിയിൻ സെൽവൻ

ചരിത്രം  ആവർത്തിക്കാൻ വീണ്ടും പൊന്നിയിൻ സെൽവൻ !

പിഎസ്-2 ഏപ്രിൽ 28 ന്, മോഷൻ പോസ്റ്റർ പുറത്ത് വിട്ടു !!!

ണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ രണ്ടു ഭാഗങ്ങളുള്ള  പൊന്നിയിൻ സെൽവൻ്റെ ആദ്യ ഭാഗമായ പിഎസ്-1 കഴിഞ്ഞ സെപ്റ്റംബർ 30 നാണ് ലോക വ്യാപകമായി റീലീസ്  ചെയ്തത്. ഇന്ത്യൻ സിനിമയുടെ തന്നെ ഇതു വരെയുള്ള റെക്കോർഡ് തകർത്തു കൊണ്ട്  പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ആഗോള തലത്തിൽ ബോക്സ് ഓഫീസിൽ കളക്ഷൻ തൂത്തു വാരിയ സിനിമയാണിത്.മണിരത്നത്തിൻ്റെ ഡ്രീം പ്രോജേക്റ്റായ ഈ ചിത്രത്തെ കുറിച്ചുള്ള ചൂടു പിടിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ഇന്നും തുടരുകയാണ്. താര നിബിഡമായ പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗമായ പിഎസ്- 2 നെ പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത് . ഇത്തരുണത്തിൽ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ച്, റിലീസിനു മുന്നോടിയായി മോഷൻ പോസ്റ്റർ പുറത്തിറക്കി പ്രേക്ഷകരുടെ ആകാംഷയും പ്രതീക്ഷയും ഇരട്ടിയാക്കിയിരിക്കയാണ്  നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ്  ടാക്കീസും. ഏപ്രിൽ28 നാണ് പിഎസ്-2 പ്രദർശനത്തിനെത്തുക. സിനിമയുടെ ഇന്നേ വരെയുള്ള ചരിത്രത്തിൽ ജന പ്രീതിയുടെ കാര്യത്തിൽ സർവ്വകാല റെക്കോർഡാണ് പിഎസ്-1 തിരുത്തി കുറിച്ചത്. കേരളത്തിലും പിഎസ്-1 ആവേശകരമായ  ഉജ്ജ്വല  വിജയം നേടി. കേരളത്തിൽ നിന്നു മാത്രം ചിത്രം ഇരുപത്തിയഞ്ച്  കോടിയോളം രൂപയുടെ കളക്ഷൻ നേടിയതായിട്ടാണ് റിപ്പോർട്ട്.ശ്രീ ഗോകുലം മൂവീസാണ്  ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്.

കോവിഡാനന്തരം സിനിമയുടേയും തിയറ്ററുകളുടെയും ഭാവി ആശങ്കയിലാണ് എന്ന് കരുതിയ വേളയിൽ  കുട്ടികൾ മുതൽ തൊണ്ണൂറു പിന്നിട്ട വൃദ്ധരെ വരെ തിയറ്ററുകളിലേക്ക് ആകർഷിച്ച് ചരിത്രം തിരുത്തി കുറിച്ചു പൊന്നിയിൻ സെൽവൻ-1. ഇനി രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ ഭാഗത്തിൽ നാല്പത്തി എട്ടിൽ പരം വരുന്ന പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഇനി രണ്ടാം ഭാഗത്തിലാണ് യഥാർത്ഥ കഥ പറയാനിരിക്കുന്നതത്രേ. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ,  റഹ്മാൻ, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി, ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവർ അവതരിപ്പിക്കുന്ന  കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയത്രെ രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം.ഏ. ആർ.റഹ്മാൻ്റെ സംഗീതവും , രവി വർമ്മൻ്റെ  ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ  കലാ സംവിധാനവും പൊന്നിയിൻ ശെൽവനിലെ ആകർഷക ഘടകങ്ങളാണ് . 

സി.കെ.അജയ് കുമാർ, പി ആർ ഒ 

admin:
Related Post