കൗമാരപ്രായത്തിൽ മകൾ നൈസയുമായി തനിക്കുണ്ടായിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും മൂന്നു വർഷത്തോളം നീണ്ട അകൽച്ചയെക്കുറിച്ചും വെളിപ്പെടുത്തി ബോളിവുഡ് നടി കാജോൾ. പ്രശസ്ത യൂട്യൂബർ ലില്ലി സിങ്ങിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ അപ്രതീക്ഷിത തുറന്നുപറച്ചിൽ. ഒരു അമ്മ എന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളും അവ എങ്ങനെ മറികടന്നു എന്നതുമാണ് കാജോൾ അഭിമുഖത്തിൽ വിശദമാക്കുന്നത്.
നൈസയ്ക്ക് 12 വയസ്സുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും സ്വഭാവത്തിലെ മാറ്റങ്ങളുമാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് കാജോൾ പറയുന്നു. ഇതിനെത്തുടർന്ന് ഏകദേശം മൂന്ന് വർഷത്തോളം ഇരുവരും പരസ്പരം മിണ്ടാതിരുന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ ദേഷ്യം നിയന്ത്രിക്കാനാവാതെ മകളുടെ പുതിയ ഫോൺ താൻ എറിഞ്ഞുടച്ചുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ അത് വെറുമൊരു ദേഷ്യപ്രകടനമായിരുന്നില്ലെന്നും, മകൾക്ക് ഒരു തിരുത്തൽ എന്ന നിലയിൽ നൽകിയ ‘കർക്കശമായ സ്നേഹം’ (Tough love) ആയിരുന്നുവെന്നും കാജോൾ കൂട്ടിച്ചേർത്തു.
എന്നാൽ പിന്നീട്, തന്റെ തന്നെ രീതികളിൽ മാറ്റം വരുത്താൻ മാതാവ് എന്ന നിലയിൽ കാജോൾ ബോധപൂർവ്വം തീരുമാനിക്കുകയായിരുന്നു. നിരന്തരം ഉപദേശിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തയാറായതാണ് മഞ്ഞുരുക്കത്തിന് സഹായിച്ചത്. “മക്കൾ പറയുന്നത് കേൾക്കുക എന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം” – കാജോൾ വ്യക്തമാക്കി.
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ളവ കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്നും, പ്രത്യേകിച്ച് പെൺകുട്ടികളുടെ ജീവിതം ആൺകുട്ടികളേക്കാൾ കൂടുതൽ സങ്കീർണ്ണതകൾ നിറഞ്ഞതാണെന്നും കാജോൾ ചൂണ്ടിക്കാട്ടി. അജയ് ദേവ്ഗൺ-കാജോൾ ദമ്പതികൾക്ക് നൈസയെ കൂടാതെ യുഗ് എന്നൊരു മകൻ കൂടിയുണ്ട്. കൗമാരക്കാരായ മക്കളുമായി മാതാപിതാക്കൾ എങ്ങനെ കൂടുതൽ സഹാനുഭൂതിയോടെ ഇടപഴകണം എന്ന് ഓർമ്മിപ്പിക്കുന്നതാണ് താരത്തിന്റെ ഈ വാക്കുകൾ.
Kajol Opens Up About Estrangement With Daughter Nysa

