താൻ കാൻസർ ബാധിതയാണെന്ന യാഥാർഥ്യം വെളിപ്പെടുത്തിയതിന് പിന്നാലെ, ചികിത്സയുമായി ബന്ധപ്പെട്ട പ്രധാന അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരം രേണു സുധി. രോഗചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി സെഷനുകൾ ആരംഭിക്കുകയാണെന്ന് രേണു ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഈ നിർണായക ഘട്ടത്തിൽ എല്ലാവരുടെയും പ്രാർഥനകൾ കൂടെയുണ്ടാകണമെന്ന് രേണു തൻ്റെ കുറിപ്പിൽ അഭ്യർത്ഥിച്ചു. രേണു പങ്കുവെച്ച പോസ്റ്റിന് താഴെ ആയിരക്കണക്കിന് ആരാധകരും സുഹൃത്തുക്കളുമാണ് പ്രാർഥനകളും പിന്തുണയും അറിയിച്ച് രംഗത്തെത്തുന്നത്.
രേണുവിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലവിധ പ്രചരണങ്ങൾ നടന്നതിന് പിന്നാലെയായിരുന്നു താൻ കാൻസർ ബാധിതയാണെന്ന സത്യം താരം ദിവസങ്ങൾക്ക് മുൻപ് തുറന്നുപറഞ്ഞത്. രോഗം മൂന്നാം ഘട്ടത്തിൻ്റെ (Stage 3) അവസാനത്തിലാണെന്നും ഉടൻ തന്നെ ചികിത്സ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
തനിക്ക് 15 വയസ്സുള്ളപ്പോൾ തന്നെ മാറിടത്തിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും അന്നത് കാര്യമാക്കിയിരുന്നില്ലെന്നും രേണു മുൻപ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഡിപ്ലോമയ്ക്ക് പഠിക്കുന്ന കാലത്ത് വീട്ടുകാർ ഇതറിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ബയോപ്സി ചെയ്തപ്പോൾ, ഭാവിയിൽ ഇത് കാൻസർ ആകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുൻപ് കഴിഞ്ഞ മറ്റൊരു ശസ്ത്രക്രിയയുടെ പേടി കാരണം രേണു അത് പിന്നീട് ആരോടും പറഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം, സുധിച്ചേട്ടൻ്റെ (കൊല്ലം സുധി) മരണശേഷം നടത്തിയ സ്കാനിംഗിലും മാമ്മോഗ്രാമിലുമാണ് ഡോക്ടർമാർക്ക് വീണ്ടും സംശയം തോന്നിയതും ബയോപ്സിയിലൂടെ രോഗം സ്ഥിരീകരിച്ചതും. ഏറെ പ്രിയപ്പെട്ടവരുടെ പിന്തുണയോടെ വലിയ മനക്കരുത്തോടെയാണ് രേണു ഈ പോരാട്ടത്തെ നേരിടുന്നത്.
Renusudhi treatment starts



