HomeEntertainmentമലയാള സിനിമയ്ക്ക് വൻ കുതിച്ചുചാട്ടം; 100 കോടിയുടെ ഫിലിം സിറ്റിയും വ്യവസായ പദവിയും പ്രഖ്യാപിച്ച് കേരള...

മലയാള സിനിമയ്ക്ക് വൻ കുതിച്ചുചാട്ടം; 100 കോടിയുടെ ഫിലിം സിറ്റിയും വ്യവസായ പദവിയും പ്രഖ്യാപിച്ച് കേരള ബജറ്റ്; സ്വാഗതം ചെയ്ത് ചലച്ചിത്ര ലോകം

സംസ്ഥാന ബജറ്റിൽ മലയാള ചലച്ചിത്ര മേഖലയ്ക്കായി പ്രഖ്യാപിച്ച വൻ പദ്ധതികളെയും ചരിത്രപരമായ തീരുമാനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്ത് സിനിമാ ലോകം. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ പരിഷ്കരിച്ച ബജറ്റിലാണ് സിനിമയെ ഔദ്യോഗികമായി ഒരു ‘വ്യവസായമായി’ പരിഗണിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ചലച്ചിത്ര പ്രവർത്തകരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർഥ്യമായിരിക്കുന്നത്.

സിനിമാ മേഖലയുടെ സമഗ്ര വികസനത്തിനായി 100 കോടി രൂപയാണ് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കൊച്ചിയിൽ മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയലിൻ്റെ സ്മരണാർത്ഥം ‘ജെ.സി. ഡാനിയൽ ഇൻ്റർനാഷണൽ ഫിലിം സിറ്റി – ചിത്രനഗരം’ സ്ഥാപിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (IFFK) സ്ഥിരം വേദി ഒരുക്കുക, വൻകിട ദേശീയ-അന്തർദേശീയ സിനിമാ നിർമ്മാണങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുക, വ്യാജ പതിപ്പുകൾ തടയാൻ ശക്തമായ ആൻ്റി പൈറസി സെൽ രൂപീകരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

സിനിമയ്ക്ക് വ്യവസായ പദവി നൽകാനുള്ള തീരുമാനം വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ. തിയേറ്ററുകൾക്ക് വൈദ്യുതി ചാർജിൽ ഇളവ് ലഭിക്കുന്നതുൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്കും ബാങ്കുകൾ വഴിയുള്ള സാമ്പത്തിക സഹായങ്ങൾക്കും ഇത് വഴിയൊരുക്കും. അതോടൊപ്പം ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇതൊരു വലിയ പ്രതീക്ഷയുമാണ്.

ബജറ്റ് പ്രഖ്യാപനങ്ങളെ അഭിനന്ദിച്ച് മെഗാസ്റ്റാർ മോഹൻലാലും നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. പുതിയ തീരുമാനങ്ങൾ സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും സമ്മാനിക്കുമെന്ന് വ്യക്തമാക്കിയ മോഹൻലാൽ, മുഖ്യമന്ത്രി വി.ഡി സതീശനും സാംസ്കാരിക വകുപ്പുമന്ത്രി പി.സി വിഷ്ണുനാഥിനും നന്ദി അറിയിച്ചു. ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിൽ ജെ.സി ഡാനിയലായി അഭിനയിച്ച തനിക്ക് കൊച്ചിയിലെ ഫിലിം സിറ്റി പ്രഖ്യാപനം വലിയ സന്തോഷവും അഭിമാനവും നൽകുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു. വ്യാജ പതിപ്പുകൾ തടയാൻ രൂപീകരിക്കുന്ന ആൻ്റി പൈറസി സെൽ സിനിമാ ഇൻഡസ്ട്രിക്ക് വലിയൊരു സുരക്ഷാ കവചമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Malayalam film industry has enthusiastically welcomed the pathbreaking announcements in the revised Kerala State Budget for 2026-27 presented by Chief Minister V.D. Satheesan

RELATED ARTICLES
- Advertisment -
Google search engine

Most Popular