പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയ്‌ലർ പുറത്ത്. പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരനാണ് ട്രെയിലർ പുറത്തിറക്കിയത്. സെപ്റ്റംബർ 17 ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്.
രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയാണ് ‘എന്ന വിലൈ’ പറയുന്നത്. കുടുംബ ബന്ധങ്ങളിലൂടെയും വ്യക്തിജീവിതത്തിലെ നിർണായക സാഹചര്യങ്ങളിലൂടെയും മുന്നേറുന്ന കഥയിൽ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വൈകാരികമായ രംഗങ്ങൾക്കൊപ്പം സംഘർഷഭരിതമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ട്രെയ്‌ലർ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.
നിമിഷ സജയനും കരുണാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ട്രെയ്‌ലറിന്റെ പ്രധാന ആകർഷണം. കുടുംബ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന കഥ പിന്നീട് കൂടുതൽ സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിലേക്ക് കടക്കുന്നുവെന്ന പ്രതീതിയാണ് ദൃശ്യങ്ങൾ നൽകുന്നത്. കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങൾക്കൊപ്പം ത്രില്ലർ സ്വഭാവമുള്ള രംഗങ്ങൾക്കും ട്രെയ്‌ലറിൽ ഇടം നൽകിയിട്ടുണ്ട്.
സോഷ്യോ-പൊളിറ്റിക്കൽ ഘടകങ്ങളെ കുടുംബകഥയുമായി കൂട്ടിയിണക്കുന്ന ചിത്രത്തിന് പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വൈകാരികമായ തലത്തിൽ അവതരിപ്പിക്കുന്നതിനൊപ്പം ത്രില്ലർ സ്വഭാവത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. നേരത്തെ പുറത്തിറങ്ങിയ ‘കടലാടും സീമയിലെ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കിയത്, ഇതിലെ ഗാനങ്ങൾക്ക് സംഗീതാസ്വാദകർക്കിടയിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമാണ്. ‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയകരമായ റിലീസിന് പിന്നാലെയാണ് ‘എന്ന വിലൈ’യിലെ ഗാനങ്ങളും ഇതേ മ്യൂസിക് ലേബലിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.
രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലാണ് ചിത്രീകരണം നടന്നത്. മൂന്ന് ഷെഡ്യൂളുകളിലായാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
2026 സെപ്റ്റംബർ 17 ന് ‘എന്ന വിലൈ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം – സാം സി എസ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ – എം ശിവകുമാർ, ആർട്ട് ഡയറക്ടർ – കെ ശിവകൃഷ്ണ, ആക്ഷൻ – പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ – രതീഷ്, കോസ്റ്റ്യൂം ഡിസൈനർ – ആർ മുരുഗാനന്ദം, മേക്കപ്പ് – വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സൽമാൻ കെ എം, സ്റ്റിൽസ് – കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ – ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ – ശബരി.


