തിരുവനന്തപുരം: നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 13-നാണ് വിവാഹമെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. കോവളത്തെ താജ് ഹോട്ടലിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ ചടങ്ങുകളോടെയാകും വിവാഹമെന്നാണ് സൂചന. തുടർന്ന് സെപ്റ്റംബർ 15-ന് തിരുവനന്തപുരം വഴുതക്കാടുള്ള സുബ്രഹ്മണ്യം ഹാളിൽ വെച്ച് റിസപ്ഷനും സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
അഹാന അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിനു താഴെ വന്ന കമന്റുകളുമാണ് വിവാഹ വാർത്തകൾ വീണ്ടും സജീവമാക്കിയത്. കറുത്ത സൽവാറിലുള്ള ചിത്രത്തോടൊപ്പം “എന്റെ തങ്കമായ പയ്യനെക്കുറിച്ച് ചിന്തിക്കുന്നു” എന്ന അടിക്കുറിപ്പാണ് താരം നൽകിയത്. എന്നാൽ ഈ പോസ്റ്റിന് താഴെ “സെപ്റ്റംബർ 13-നാണ് ആ തങ്കമായ പയ്യനുമായുള്ള വിവാഹം” എന്ന് ഒരാൾ കമന്റ് ചെയ്യുകയും അത് നിമിഷനേരം കൊണ്ട് തരംഗമാവുകയും ചെയ്തു. ഈ കമന്റുകൾ അഹാന ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ടൊവിനോ-അഹാന കൂട്ടുകെട്ടിലിറങ്ങിയ ‘ലൂക്ക’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകൾ ഏറെക്കാലമായി പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണങ്ങൾക്ക് രണ്ടുപേരും മുതിർന്നിട്ടില്ല. അഹാനയുടെ കുടുംബത്തിലെ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളിലും നിമിഷിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. അഹാന വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് പിതാവും നടനുമായ കൃഷ്ണകുമാറും മുൻപ് നൽകിയ അഭിമുഖങ്ങളിൽ സൂചിപ്പിച്ചിരുന്നു.
Ahaana Krishna nimish ravi wedding date and place

