കമ്മാരസംഭവം മൂവി റിവ്യൂ

ചരിത്രത്തിൽ പുതുക്കിയ നുണ…. നുണയിൽ പടച്ച ചരിത്രം

ദിലീപ് നായകനായി മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കിയ ചിത്രമാണ് കമ്മാര സംഭവം. ഗോകുലം ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചരിത്ര കഥ പറയുന്ന ചിത്രത്തിൽ നായിക നമിതാ പ്രമോദാണ്.

കഥ നടക്കുന്നത് രണ്ട് കാലഘട്ടങ്ങളിലായാണ്. സിനിമ തുടങ്ങുന്നത് ഇന്നിൽ നിന്നാണ്. പണ്ടെങ്ങോ ഒരു സായിപ്പ് എഴുതി വച്ച കമ്മാരൻ നമ്പ്യാരുടെ ചരിത്രം അതാണ് ഈ സിനിമയ്ക്ക് പറയാനുള്ളത്, അത് പ്രേക്ഷകനെ രണ്ടാം ലോക മഹായുദ്ധ കാലത്തേക്ക് കൊണ്ട് പോകുന്നു.  സുബാഷ് ചന്ദ്രബോസും, ഗാന്ധിജിയും,നെഹ്‌റുവും എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുണ്ട് കഥാപാത്രങ്ങളായി.

തന്റെ അച്ഛനെ കൊന്നതിനു പ്രതികാരം ചെയ്യാൻ വരുന്ന കമ്മാരൻ നമ്പ്യാരിൽ തുടങ്ങുന്ന ആദ്യ പകുതിയിൽ കമ്മാരന്റെ ചതിയുടെയും വഞ്ചനയുടെയും കഥപറയുമ്പോൾ, രണ്ടാം പകുതിയിൽ ചരിത്രത്തിന്റെ താളുകളിൽ ഇടം നേടാൻ കഴിയാതെ പോയ കമ്മാരൻ നമ്പ്യാരുടെ കെട്ടി ചമച്ച കഥയാണ് പറയുന്നത്.  ഒന്നാം പകുതിയിൽ സത്യവും രണ്ടാം പകുതിയിൽ ചരിത്രവും. സ്പൂഫ്’ രീതിയിലാണ് രണ്ടാം പകുതി. ഗംഭീരമായി തുടങ്ങിയ ഒന്നാം പകുതിയും വെന്തു വെണ്ണീരായ രണ്ടാം പകുതിയും. മൂന്നു മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യo.

മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. കമ്മാരൻ നമ്പ്യാർ എന്ന വേഷം ദിലീപിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഒതേനൻ നമ്പ്യാർ എന്ന കഥാപാത്രത്തെ സിദ്ധാർഥ് ഗംഭീരം ആക്കിയിട്ടുണ്ട്. കഥാപാത്രങ്ങൾ എല്ലാം അനുയോജ്യമാം വിധം ആയിരുന്നു. ശ്വേതാ മേനോന്റെ അഭിനയവും നന്നായിരുന്നു. ചെറുതെങ്കിലും തനിക്ക് കിട്ടിയ  കഥാപാത്രത്തോട് ശ്വേത നീതിപുലർത്തി. മുരളി ഗോപി,  സിദ്ധിഖ്, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ച വച്ചു.

ഒരു തുടക്കകാരൻ എന്ന തോന്നാലുണ്ടാക്കത്ത സംവിധാന മികവ് കാഴ്ച വെച്ചിട്ടുണ്ട് രതീഷ് അമ്പാട്ട്. മുരളി ഗോപിയുടെ കഥയിൽ പോരായ്മകൾ ഒന്നും തന്നെ ഇല്ലായിരുന്നു, തിരക്കഥയിൽ കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടി ഇരുന്നതായി തോന്നി. സുനിൽ ന്റെ ഛായാഗ്രഹണം സിനിമയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതവും നന്നായിട്ടുണ്ട്. ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ടതാണ്.

കുടുംബ പ്രേക്ഷകർക്ക് ഈ ചിത്രം അത്രത്തോളം ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

admin:
Related Post