സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. 15 മുതൽ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.

നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താൽ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുകിടക്കും. തുറന്നാൽത്തന്നെ സിനിമ കാണാൻ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ല. നിർമാതാക്കളും വിതരണക്കാരും സിനിമ നൽകിയാൽ ട്രയൽറൺ എന്നനിലയിൽ കോർപ്പറേഷന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിർദേശം കെ.എസ്.എഫ്.ഡി.സി. മുന്നോട്ടുവെച്ചു.തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നതിനാൽ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണെന്നു സംഘടനാ നേതാക്കൾ പറഞ്ഞു. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതു പരിഗണിക്കാതെ സിനിമകൾ നൽകിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായി അവർ പറഞ്ഞു.

ചർച്ചയിൽ ചെയർമാനു പുറമേ എം.ഡി. എൻ.മായയും ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, എക്സിബിറ്റേഴ്സ് അസോസിയേഷൻ, എക്സിബിറ്റേഴ്സ് ഫെഡറേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിലിം ചേമ്പർ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ വിശദാംശങ്ങൾ സർക്കാരിനെ കോർപ്പറേഷൻ അറിയിക്കും. 

English Summary : Movie theaters will not open soon

admin:
Related Post