തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എൻഐഎയ്ക്കും പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. മതഗ്രന്ഥങ്ങൾ ഇറക്കിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടൻ നോട്ടീസ് നൽകും. മന്ത്രിയെ കൂടാതെ ചില സർക്കാർ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. ഡിപ്ലോമാറ്റിക് ചാനൽ വഴി വരുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. പതിനേഴായിരം കിലോ ഈന്തപ്പഴമിറക്കയതിൽ നിയമലംഘനമുണ്ടെന്നുമാണ് കസ്റ്റംസ് കണ്ടെത്തൽ. അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ യുഎഇ എംബസി ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കോൺസുലേറ്റിൽ എത്തി പരിശോധന നടത്തിയതായും വിവരമുണ്ട്.

